കോട്ടയം: പുലർച്ചെയും രാത്രിയും അതിശൈത്യം. പത്തുമണികഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത ചൂടും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകൾ ഉൾപ്പെടുന്ന മദ്ധ്യകേരളം അപൂർവതകൾ നിറഞ്ഞ കാലാവസ്ഥയിലൂടെയാണ് കടന്നു പോകുന്നത്. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ശൈത്യകാലമാണിതെന്നും അപകടകരമായ മരുഭൂവത്കരണത്തിന്റെ സൂചനയെന്നും ശാസ്ത്ര ലോകം വിലയിരുത്തുന്നു.
കോട്ടയത്ത് കുറെ ദിവസങ്ങളായി ശരാശരി പകൽച്ചൂട് 37 ഡിഗ്രി വരെയെത്തി.
മകരം ഉൾപ്പെടുന്ന ജനുവരിയും ഫെബ്രുവരിയുടെ ആദ്യ പകുതിയും സാധാരണ തണുപ്പുകാലമാണെങ്കിലും ഇക്കുറി അതല്ല. ഈ വർഷം അസാധാരണമായ ചൂടാണ് മദ്ധ്യകേരളത്തിൽ. ആലപ്പുഴയിലും കോട്ടയത്തും പുനലൂരിലും പത്തനംതിട്ടയിലും രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് അനുഭവപ്പെടുന്നത് ഗവേഷകരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് അറബിക്കടലിലെ ഉയർന്ന താപനിലയാണ് ചൂട് അസാധാരണമാകാൻ പ്രധാന കാരണം.
നഗരങ്ങളിൽ വൃക്ഷമേലാപ്പും തണ്ണീർത്തട മേഖലയും കുറയുന്നതും വാഹനം, എ.സി എന്നിവയുടെ ഉപയോഗവും പ്രാദേശികമായി ചൂട് അനുഭവപ്പെടാൻ കാരണമാകുന്നു. രാജ്യത്തെ തന്നെ ഏറ്റവും ഉയർന്ന താപനിലയായ 37 ഡിഗ്രിയാണ് കുറച്ച് ദിവസങ്ങളായി കോട്ടയത്ത് .അതേസമയം കേരളത്തിലെ ഏറ്റവും കുറഞ്ഞ രാത്രി താപനിലയായ 16- 17.2 ഡിഗ്രി കോട്ടയം, പുനലൂർ മേഖലകളിൽ രേഖപ്പെടുത്തി.
'' അസാധാരണമായ ചൂടും തണുപ്പും കാലാവസ്ഥ വ്യതിയാനമാണ്. കൂടിയ താപവും കുറഞ്ഞ താപനിലയും തമ്മിലുള്ള അന്തരം ഇരട്ടിയിലേറെ വർദ്ധിക്കുന്നത് മരുഭൂവത്ക്കരണത്തിന്റെ സൂചനയാണ്. മരുഭൂമിക്ക് തുല്യമായ അവസ്ഥയിലേയ്ക്ക് പോകുന്ന സാഹചര്യം''
ഡോ. റോക്‌സി മാത്യു, കാലാവസ്ഥാ ഗവേഷകൻ
പകൽ 37 ഡിഗ്രി
രാത്രി 17 ഡിഗ്രി
സവിശേഷ കാലാവസ്ഥ
പകൽ കൂടിയ ചൂടും രാത്രി കൂടിയ തണുപ്പും കോട്ടയത്ത്
മരുഭൂവത്കരണത്തിന്റെ സൂചനയെന്ന് ശാസ്ത്രലോകം
പ്രകൃതി ചൂഷണവും ജനസംഖ്യാ വർദ്ധനവും കാരണങ്ങൾ