കിളിരൂർ എസ്.എൻ.ഡി.പി എച്ച്.എസ്.എസിൽ സായാഹ്ന ക്ലാസ്
കിളിരൂർ: പൊതുപരീക്ഷയിൽ നൂറുമേനി വിജയം കൊയ്യാനുള്ള തയാറെടുപ്പിലാണ് കിളിരൂർ എസ്.എൻ.ഡി.പി ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും. ഹയർസെക്കൻഡറി വിഭാഗത്തിലെ ഏഴുപതോളം വിദ്യാർത്ഥികൾക്ക് സായാഹ്നക്ലാസ് സംഘടിപ്പിച്ചാണ് പഠനവഴിയിൽ മികവ് ആവർത്തിക്കാൻ ശ്രമിക്കുന്നത്. വൈകുന്നേരം 4.30ന് ആരംഭിക്കുന്ന സായാഹ്ന ക്ലാസ് രാത്രി 8.30 വരെ നീണ്ടുനിൽക്കും. വൈകുന്നേരങ്ങളിൽ വിദ്യാർത്ഥികൾക്ക് സ്കൂളിൽ തന്നെ ഭക്ഷണവും ക്രമീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് വീടുകളിലേക്ക് മടങ്ങാൻ സ്കൂൾ മാനേജ്മെന്റ് വാഹനസൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ ആഹാരത്തിനും മറ്റുമായി അറുപതിനായിരത്തോളം രൂപ ചെലവ് വരും. അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ഉൾപ്പെടെ പ്രത്യേക ഷെഡ്യൂൾ ക്രമീകരിച്ചാണ് ക്ലാസുകൾ മുന്നോട്ടുപോകുന്നത്. അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പിന്തുണ അറിയിച്ച് പി.ടി.എയും രക്ഷിതാക്കളും രംഗത്തുണ്ട്. സായാഹ്നക്ലാസ് ഫെബ്രുവരി 7 വരെ നീണ്ടുനിൽക്കും.