കോട്ടയം: നാലാം ക്ളാസ് ജയിച്ച പതിനൊന്നുകാരിയോട് അച്ഛൻ പറഞ്ഞു, ഇനി ഇളയവർ പഠിക്കട്ടെ, നിന്റെ വഴിവേറെയാണ്! അന്ന് ഉള്ളിൽ സങ്കടത്തിന്റെ പെരുമഴ പെയ്തെങ്കിലും കാലംകരുതിവച്ച നിയോഗത്തെ കൺമണി പോലെ കാത്തു പങ്കജാക്ഷിയമ്മ. നോക്കുവിദ്യാ പാവകളിയിലൂടെ പത്മശ്രീ ചൂടിയ പങ്കജാക്ഷിയമ്മയ്ക്ക് പിന്നീട് മനസിലായി അച്ഛന്റെ വാക്കായിരുന്നു ശരിയെന്ന്. ഏഴിലം പാലത്തടിയിൽ കൊത്തിയെടുത്ത പാവകളെ മേൽച്ചുണ്ടിൽ ഉറപ്പിച്ച് പാട്ടിനൊപ്പം ചലിപ്പിച്ചെടുത്ത മഹാപ്രതിഭയെ രാജ്യം ആദരിച്ചു. ഇപ്പോൾ വിറയാർന്ന ശബ്ദത്തോടെ പങ്കജാക്ഷിയമ്മയ്ക്ക് പറയാനുള്ളത് ഒന്നുമാത്രം. ഒരുപാട് സന്തോഷം. എല്ലാവരുടെ മുന്നിൽ ഇങ്ങനെ ഇരിക്കാൻ പറ്റിയത് ഭാഗ്യം! കോട്ടയം പ്രസ് ക്ളബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ് ചടങ്ങിനെത്തിയതായിരുന്നു പങ്കജാക്ഷിയമ്മയും പാവകളി കലാകാരികൂടിയായ കൊച്ചുമകൾ കെ.എസ്.രഞ്ജിനിയും.

 പതിറ്റാണ്ടുകളുടെ സപര്യ

വേലൻ സമുദായത്തിൽപ്പെട്ടവർ പരമ്പരാഗതമായി അനുഷ്ഠിച്ചിരുന്ന കലാരൂപമാണ് ഓണം തുള്ളലെന്ന് വിശേഷിപ്പിച്ചിരുന്ന നോക്കു വിദ്യാ പാവകളി. നീളൻ കമ്പിൽ ചേർത്തുവച്ച തടിപ്പാവ മേൽച്ചുണ്ടിൽ ഉറപ്പിച്ച് പ്രത്യേക താളത്തിൽ ചലിപ്പിക്കുന്ന അനുഷ്ഠാനകല. അമ്മ പാപ്പിയമ്മയിൽ നിന്ന് പഠിച്ച പാവകളിക്ക് പങ്കജാക്ഷിയമ്മ ജീവനും ജീവിതവും നൽകി. മോനിപ്പള്ളിയിലെ വീട്ടിൽ വിവാഹം കഴി‌‌ഞ്ഞെത്തിയപ്പോൾ ഭർത്താവ് ശിവരാമപ്പണിക്കർ കൂടെ നിന്നു, പാട്ട് ചിട്ടപ്പെടുത്തിയും പാലത്തടിയിൽ പാവയെ പാകപ്പെടുത്തിയും.

 കൈമാറിയത് കൊച്ചുമകൾക്ക്

പങ്കജാക്ഷിയമ്മയാണ് മകൾ രാധാമണിയുടെ മകൾ രഞ്ജിനിയെ പാവകളി പഠിപ്പിക്കുന്നത്. എട്ടാം വയസിൽ തുടങ്ങിയ രഞ്ജിനി അഞ്ചു വർഷംകൊണ്ട് ബാലപാഠങ്ങൾ പഠിച്ചു. അപ്പേഴേയ്ക്കും സ്ട്രോക്ക് വന്ന് പങ്കജാക്ഷിയമ്മ തളർന്നിരുന്നു. ഇപ്പോഴും പലതും പഠിക്കാൻ രഞ്ജിനിക്ക് കഴിഞ്ഞിട്ടില്ല. പങ്കജാക്ഷിയമ്മയെ കൂടാതെ രഞ്ജിനിക്ക് മാത്രമാണ് ഈ കലാരൂപം അറിയാവുന്നത്.

 അത്ര നിസാരമല്ല

490 ഗ്രാം ഭാരമുണ്ട് പാവയ്ക്ക്. നീണ്ടിരുന്ന് തല പിന്നോട്ടാക്കി മേൽച്ചുണ്ടിൽ പാവയുറപ്പിച്ച് ബാലൻസ് ചെയ്യണം. ഒരു മണിക്കൂറോളം നീളുന്ന പാവകളി അഭ്യസിക്കുന്നത് അത്ര നിസാരമല്ല. ചുണ്ടും മോണയുമൊക്കെ പൊട്ടും. പിടലി കഴച്ചൊടിയും കണ്ണിൽ ഒരു പൊടിപോയാൽ മതി ബാലൻസ് തെറ്റാൻ. നല്ല ഏകാഗ്രത വേണം. ആദ്യം മടിച്ചെങ്കിലും എല്ലാവരും പ്രോത്സാഹിപ്പിച്ചപ്പോൾ രഞ്ജിനി പഠിച്ചെടുത്തു.

 പുരാണ കഥകൾ

രാമായണ കഥകളെ ആസ്പദമാക്കിയുള്ള പാട്ടുകൾ. കൈണിയും ഗഞ്ചറയുമാണ് വാദ്യമൊരുക്കുന്നത്. സീതാസ്വയംവരം, രാമ-രാവണ യുദ്ധം, ജഡായുവിന്റെ ചിറക് അരിയൽ അങ്ങനെ എല്ലാ ഏടുകളും പാവകളിയിൽ ഉണ്ട്. മേൽച്ചുണ്ടിൽ വിളക്കും ചിരാതും ഉറപ്പിച്ച് ദീപം തെളിക്കുകയും ചെയ്യും.