കോട്ടയം: റെയിൽവേസ്റ്റേഷനിൽ നിന്ന് റബർബോർഡ് ഓഫീസിലേക്കുള്ള റോഡിലൂടെ വാഹനത്തിൽ പോകുന്നവരും കാൽ നടയാത്രക്കാരും ശ്രദ്ധിക്കുക. സൂക്ഷിച്ചില്ലെങ്കിൽ നിങ്ങൾ അപകടത്തിൽപെടാം. കൈവരിയില്ലാത്ത റോഡിൽ നിന്ന് തെന്നിമാറി തട്ടിത്തെറിച്ച് നിങ്ങൾ വാഹനവുമായി റയിൽവേട്രാക്കിൽ വരെയെത്താം. അതുകൊണ്ട് ജാഗ്രതയോടെ മാത്രം പോകുക. കോട്ടയം ചിങ്ങവനം പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മുള്ളങ്കുഴി മേൽപാലത്തിന് സമീപം പണി നടക്കുകയാണ് . മേൽപ്പാലം തീർക്കാൻ മാസങ്ങളെടുത്തിരുന്നു.പുതിയ പാളം പണിക്കായി സ്ഥലം അക്വയർ ചെയ്തു നിർമാണ ജോലികൾ തുടങ്ങിയിട്ടേയുള്ളൂ. പ്രശ്നം പരിഹരിക്കാൻ അധികൃതരും തയ്യാറാകുന്നില്ല. ഒരു അപകടത്തിന് വേണ്ടി അവർ കാത്തിരിക്കുകയാണെന്ന് തോന്നുന്നു. കൈവരി അതോടെ യാഥാർത്ഥ്യമായേക്കാം അതുവരെ യാത്രക്കാർ സൂക്ഷിക്കുക.
താത്കാലിക കൈവരി പൊലുമില്ല
റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ഞിക്കുഴി ഭാഗത്തേക്ക് സദാ വാഹനങ്ങൾ കടന്നു പോകുന്ന റോഡ് ആയിട്ടും ഇവിടെ താത്കാലിക കൈവരി പോലും സ്ഥാപിച്ചിട്ടില്ല. തട്ടുതട്ടായി ഉയർന്നു കിടക്കുന്ന സ്ഥലമായതിനാൽ അപകട സാദ്ധ്യതയേറെയായിട്ടും അധികൃതർക്ക് അങ്ങനെ തോന്നി തുടങ്ങിയിട്ടില്ല