പൂഞ്ഞാർ : ഹരിത പെരുമാറ്റ ചട്ടം പൂർണമായും പാലിച്ച് കോയിക്കൽ ശ്രീ ധർമ്മ ശാസ്താ ക്ഷേത്ര ഉത്സവം. ഹരിത കേരളം മിഷന്റെയും പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഹരിത കർമ്മസേനയുടെയും സഹകരണത്തോടെയാണ് ഹരിതചട്ടം നടപ്പാക്കിയത്. ക്ഷേത്ര പരിസരത്ത് അമ്പതോളം ജൈവ ബിന്നുകൾ സ്ഥാപിച്ചിരുന്നു. ഹരിതചട്ട പാലനത്തിനായി ഹരിത കർമ്മസേനയ്ക്ക് പ്രത്യേക പരിശീലനം നൽകി. അന്നദാനത്തിന് സ്റ്റീൽ പാത്രങ്ങളും ഗ്ലാസുകളുമാണ് ഉപയോഗിച്ചത്. താത്കാലിക വ്യാപാര സ്ഥാപനങ്ങളിൽ പൂർണമായും പ്ലാസ്റ്റിക് നിരോധിച്ചു. പ്ലാസ്റ്റിക് ഉപയോഗിച്ച കടകളിൽ നിന്ന് പിടിച്ചെടുത്തു. പ്രകൃതി സൗഹൃദ അലങ്കാരങ്ങളും ബോർഡുകളുമാണ് ഉപയോഗിച്ചത്. ഹരിത കർമ്മസേനയുടെ നേതൃത്വത്തിൽ പ്രകൃതി സൗഹൃദ സന്ദേശങ്ങളെഴുതിയ ഹരിത ബൂത്ത് സ്ഥാപിച്ച് സ്റ്റീൽ ഗ്ലാസുകളിൽ സംഭാരം വിതരണം ചെയ്തു. പഞ്ചായത്തംഗം രമേഷ് ബി. വെട്ടിമറ്റം, കോയിക്കൽ ദേവസ്വം സൂപ്രണ്ട് ശ്രീജിത്ത് വർമ, ഹരിത കേരളം മിഷൻ പ്രതിനിധികളായ അൻഷാദ് ഇസ്മായിൽ, അർച്ചന ഷാജി ,അമ്മു മാത്യു, ശരത് ചന്ദ്രൻ, ഹരിത സഹായ സ്ഥാപന പ്രതിനിധികളായ ഷീബ രമേഷ്,ജസ്റ്റിൻ, പരിസ്ഥിതി പ്രവർത്തകൻ എബി ഇമ്മാനുവൽ എന്നിവർ നേതൃത്വം നൽകി.