പാലാ : മൃഗാശുപത്രിക്ക് വേണ്ടി കടനാട് ഗ്രാമപഞ്ചായത്ത് നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം 31 ന് വൈകിട്ട് 4 ന് മന്ത്രി കെ.രാജു നിർവഹിക്കും. 2300 അടി വിസ്തൃതിയിൽ 54 ലക്ഷം രൂപ ചെലവഴിച്ച് പൊതുമരാമത്ത് വകുപ്പാണ് മന്ദിരത്തിന്റെ രൂപകല്പനയും പണിയും നടത്തിയെതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം പറഞ്ഞു. സമ്മേളനത്തിൽ മാണി സി. കാപ്പൻ എം.എൽ.എ അദ്ധ്യക്ഷനാകും. തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുൽ ഗോസമൃദ്ധി പദ്ധതിയുടെയും, മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ എം.കെ.പ്രസാദ് ആടുവളർത്തൽ പദ്ധതിയുടെയും ഉദ്ഘാടനം നിർവഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എം ദിലീപ്, ളാലം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ജോസ് പ്ലാക്കുട്ടം, ജില്ലാ പഞ്ചായത്തഗം പെണ്ണമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ജയ്‌സൺ പുത്തൻകണ്ടം,വെറ്റിറനറി സർജൻ ഡോ.വി.ബി.സുനിൽ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2 ന് നടക്കുന്ന കർഷക സെമിനാറിൽ ഡോ.കെ.ആർ.സജീവ്കുമാർ, ടി.ജി.ആനന്ദകുമാർ എന്നിവർ വിഷയം അവതരിപ്പിക്കും. ഡോ.ഫിലോമിന തോമസ് മോഡറേറ്ററാകും.