പാലാ : എൻഡോസൾഫാൻ ദുരന്തബാധിതരുടെ കണ്ണീരൊപ്പാൻ കേരള ജനത മുന്നോട്ടുവരണമെന്ന് ദയാബായി പറഞ്ഞു. ഭരണങ്ങാനം സഫലം 55 പ്ലസും ഇൻഫാമും സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. രണ്ടുപതിറ്റാണ്ടുമുമ്പ് കാസർകോട്ടെ കശുമാവിൻ തോട്ടത്തിന് മുകളിൽ എൻഡോസൾഫാൻ തളിക്കാൻ ഹെലികോപ്ടറുകൾ വട്ടമിട്ടുപറന്നപ്പോൾ വലിയ യന്ത്രത്തുമ്പികളെ കൗതുകത്തോടെ കണ്ടുനിന്നവർ ഇന്ന് ആരുടെയും കരളലിയിക്കുന്ന കണ്ണീർക്കാഴ്ചകളായി മാറിയിരിക്കുന്നു. അവരേറ്റുവാങ്ങിയ ദുരിതത്തിന്റെ വേരുകൾ നാലഞ്ചു തലമുറകളിലേക്കു കിനിഞ്ഞിറങ്ങുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. രണ്ടു മഹാപ്രളയത്തെ അതിജീവിച്ച കേരളജനത എൻഡോസൾഫാൻ സൃഷ്ടിച്ച ദുരിതപ്രളയത്തെ അതിജീവിക്കാൻ കൈകോർക്കണമെന്ന് ദയാബായി പറഞ്ഞു. ജില്ലാ പഞ്ചായത്തംഗം പെണ്ണമ്മ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ. ഡോ.രാജു ഡി. കൃഷ്ണപുരം, ജയിംസ് ചൊവ്വാറ്റുകുന്നേൽ, ബേബി തോമസ് പാമ്പാറ എന്നിവർ പ്രസംഗിച്ചു.