പാലാ : കുരുന്നുകളുടെ മുഖത്തെ ആ ഭീതി മാറി. ഇഴജന്തുക്കളെ പേടിക്കാതെ കളിച്ചും ചിരിച്ചും അവർക്കിനി ഓടി നടക്കാം. കാടുമൂടിയ അങ്കണവാടി നിമിഷനേരം കൊണ്ടാണ് അധികൃതരുടെ നേതൃത്വത്തിൽ ക്ലീനാക്കിയത്.

അങ്കണവാടിയുടെ പരാധീനതകളെ കുറിച്ച് ഇന്നലെ കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്ത ശ്രദ്ധയിൽപ്പെട്ട അധികൃതർ അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു.

കാടുപിടിച്ചു കിടന്ന മുറ്റം ഇന്നലെ രാവിലെ 10 ന് മുൻപ് വെട്ടിത്തെളിച്ചു. വാട്ടർടാങ്കിലേക്ക് പടർന്നു കയറിയ കാട്ടുവള്ളികളും വെട്ടി നീക്കി. ഉച്ചതിരിഞ്ഞ് പി.ടി.എ യോഗം ചേർന്നു. നഗരസഭാ ടൗൺ വാർഡ് കൗൺസിലർ ബിജി ജോജോയും പങ്കെടുത്തു. അങ്കണവാടിയുടെ ശോച്യാവസ്ഥയെക്കുറിച്ച് അദ്ധ്യാപിക ആശ വിവരിച്ചു. കുടിവെള്ളമില്ലാത്തതും ചുറ്റുമതിൽ ഇടിഞ്ഞു കിടക്കുന്നതും ജീവനക്കാർ കൗൺസിലറുടെ ശ്രദ്ധയിൽപ്പെടുത്തി.
അങ്കണവാടിയിലേക്ക് കുടിവെള്ളമെത്തിക്കാൻ അടിയന്തിരമായി 15000 രൂപ അനുവദിച്ചിട്ടുണ്ടെന്ന് കൗൺസിലർ പറഞ്ഞു. ഇടിഞ്ഞു വീണ മതിൽ ഉടൻ പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കുമെന്നും അവർ ഉറപ്പു നൽകി. അങ്കണവാടിയുടെ പ്രശ്‌നങ്ങൾ യഥാസമയം തന്നെ അറിയിക്കണമെന്ന് ജീവനക്കാർക്ക് കർശന നിർദ്ദേശം നൽകാനും കൗൺസിലർ മറന്നില്ല. അങ്കണവാടിയിലുണ്ടാകുന്ന പ്രശ്‌നങ്ങൾ യഥാസമയം പരിഹരിക്കണമെന്ന നിർദ്ദേശം ജീവനക്കാർക്ക് നൽകിയതായി ളാലം ബ്ലോക്ക് സി.ഡി.പി ഡെയ്‌സമ്മ പറഞ്ഞു.