പാലാ : പാലായും പരിസരപ്രദേശങ്ങളും തെരുവ് നായ്ക്കൾ കീഴടക്കിയതോടെ ജനം ഭീതിയിൽ. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. കൂട്ടത്തോടെ വരുന്ന നായ്ക്കൾ ആക്രമിക്കാൻ മുതിരുന്നതാണ് വഴിയാത്രക്കാരെ ഭയപ്പെടുത്തുന്നത്. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും പ്രഭാത സവാരിക്കിറങ്ങുന്നവർക്കും നേരെ നായയുടെ ആക്രമണം പതിവായി. സ്‌കൂൾ പരിസരങ്ങളിൽ നായ്ക്കൾ കൂട്ടം കൂടി നിൽക്കുന്നത് വിദ്യാർത്ഥികൾക്കും ഭീഷണിയാണ്. വഴിയരികിൽ ഉൾപ്പടെ മാലിന്യം തള്ളുന്നതാണ് നായ്ക്കൾ പെരുകാൻ കാരണമെന്നാണ് ആക്ഷപം. തെരുവ് നായ്ക്കളെ വന്ധ്യംകരിക്കാനുള്ള നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. രാത്രികാലങ്ങളിൽ തെരുവ് നായ്ക്കൾ റോഡിന് കുറുകെ ചാടി ഇരുചക്രവാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും തുടർക്കഥയാണ്.

നായ ശല്യം ഇവിടെ രൂക്ഷം

വലവൂർ

പൊട്ടങ്കിൽ

ആമേറ്റുപള്ളി

കുടക്കച്ചിറ

ആടുകൾക്കും രക്ഷയില്ല

കഴിഞ്ഞ ദിവസം ജോർജ് അഗസ്റ്റിൻ എന്ന കർഷകന്റെ മൂന്ന് ആടുകളെ തെരുവുനായ്ക്കൾ കൊന്നു. മേഖലയിലെ പല കർഷകരുടെയും മുട്ടക്കോഴികളെയും കന്നുകാലി കിടാങ്ങളെയും തെരുവുനായ്ക്കൾ ആക്രമിക്കുന്നത് പതിവാണ്. ആടുകളെ ആക്രമിക്കുന്നത് കണ്ട് രക്ഷിക്കാൻ ചെന്ന സമീപവാസിയായ ഗൃഹനാഥനെ തെരുവുനായ ആക്രമിച്ച് പരിക്കേൽപ്പിച്ചത് അടുത്തിടെയാണ്.

നായ്ക്കൾ ആക്രമിച്ച് കൊന്ന ആടുകളുടെ ഉടമസ്ഥർക്ക് പഞ്ചായത്ത് അധികൃതർ നഷ്ടപരിഹാരം നൽകണം. കുട്ടികൾക്കുൾപ്പെടെ സുരക്ഷിതമായി സഞ്ചരിക്കാൻ നായ്ക്കളെ വന്ധ്യംകരിക്കണം.

ജോയി കളരിക്കൽ,പൗരാവകാശ സമിതി പ്രസിഡന്റ്‌