പാലാ: പാലാ പോളിടെക്‌നിക്കിന് സമീപം എസ്. ഐയെ കൈയേറ്റം ചെയ്ത കേസിൽ രണ്ട് എസ്. എഫ്. ഐ. നേതാക്കൾ പിടിയിൽ. സംസ്ഥാന സമതി അംഗം അന്ത്യാളം തേരുംതാനത്ത് വിഷ്ണു എൻ.ആർ. (25), ജില്ലാ കമ്മറ്റി അംഗം അരുണാപുരം കീന്തനാനിക്കൽ അജയ് ജയൻ (22) എന്നിവരാണ് അറസ്റ്റിലായത്. പാലാ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാത്രി അന്തീനാട് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് പാലാ സി .ഐ. യുടെ നേതൃത്വത്തിൽ ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 23ന് വൈകിട്ട് 4.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. പോളിടെക്‌നിക്കിൽ വിദ്യാർത്ഥി സംഘർഷം നടക്കുന്നതറിഞ്ഞ് എത്തിയ എസ്.ഐ. പി.കെ.മാണിയെ വിഷ്ണുവിന്റെ നേതൃത്വത്തിൽ അസഭ്യം വിളിക്കുകയും കൈയ്യറ്റം ചെയ്യുകയുമായിരുന്നു. സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പ്രതികൾക്കെതിരെ കേസെടുത്തത്.