കോട്ടയം: എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റായിരുന്ന പി.ജി. രാധാകൃഷ്ണന്റെ 22 -ാം ചരമവാർഷിക ദിനമായ ഫെബ്രുവരി 16 ന് വിതരണം ചെയ്യുന്ന വിദ്യാഭ്യാസ അവാർഡുകൾക്കും, സ്‌കോളർഷിപ്പുകൾക്കും അപേക്ഷ ക്ഷണിച്ചു. കോട്ടയം യൂണിയന്റെ അതിർത്തിയിൽപ്പെട്ട ശാഖായോഗാംഗങ്ങളുടെ കുട്ടികളിൽ ഡിഗ്രി, പോസ്റ്റ് ഗ്രാഡ്വേറ്റ്, എഞ്ചിനീയറിംഗ്, എം.ബി.ബി.എസ്, എൽ.എൽ.ബി, ബി.എസ്.സി നേഴ്‌സിംഗ് തുടങ്ങിയ പരീക്ഷകളിൽ പ്രശസ്ത വിജയം കരസ്ഥമാക്കുന്നവർക്കാണ് അവാർഡിന് അർഹത. ഈ കോഴ്‌സുകൾക്ക് ഇപ്പോൾ പഠിച്ചു കൊണ്ടിരിക്കുന്ന സമർത്ഥരും, സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാം. മെറിറ്റിൽ പ്രവേശനം ലഭിച്ച കുട്ടികൾ മാത്രം ഈ വിഭാഗത്തിൽ അപേക്ഷിച്ചാൽ മതിയാകും. മുൻ വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിച്ചിട്ടുള്ളവർ അപേക്ഷിക്കേണ്ടതില്ല. ദേശീയ, അന്തർദേശീയ തലങ്ങളിൽ അംഗീകാരം ലഭിച്ച പ്രതിഭകളെയും സംസ്ഥാനതലത്തിൽ കലാ-കായിക മത്സരങ്ങളിൽ ഒന്നാം സ്ഥാനം ലഭിച്ച കുട്ടികളെയും ആദരിക്കും. വിദ്യാർത്ഥികൾ നിശ്ചിതഫോറത്തിലുള്ള അപേക്ഷകൾ പഠിക്കുന്ന സ്ഥാപനത്തിലെ മേലധികാരിയുടെ കോഴ്‌സ് സർട്ടിഫിക്കറ്റ്, മാർക്കുലിസ്റ്റിന്റെ അറ്റസ്റ്റ് ചെയ്ത പകർപ്പ്, മെറിറ്റ് തെളിയിക്കുന്ന രേഖ എന്നിവ സഹിതം ശാഖാകമ്മിറ്റിയുടെ ശുപാർശയോടു കൂടി ഫെബ്രുവരി 2 ന് മുൻപായി കോട്ടയം യൂണിയൻ ആഫീസിൽ നൽകണമെന്ന് സെക്രട്ടറി ആർ. രാജീവ് അറിയിച്ചു.