കോട്ടയം: വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഭക്ഷണം കഴിക്കുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ.വെസ്റ്റ് ബംഗാൾ ജയ്പാൽഗുരി പുർബദുരമാരി മൊഗാൽകട്ട സുശീൽ റാവയാണ് കോട്ടയം വെസ്റ്റ് പൊലീസ് പിടിയിലായത്. കഴിഞ്ഞ 25ന് ആയിരുന്നു സംഭവം. സി.എം.എസ് കോളജിനു സമീപത്തെ വനിതാ ഹോസ്റ്റലിൽ അർദ്ധരാത്രി അതിക്രമിച്ചു കയറിയ ഇയാൾ അടുക്കളയിലിരുന്ന ഇരുന്ന ഭക്ഷണ സാധനങ്ങൾ കഴിച്ചു. തുടർന്ന് പെൺകുട്ടികളുടെ മൊബൈൽ ഫോണുകളും ഇവരുടെ കഴുത്തിൽനിന്നും സ്വർണമാലകളും അപഹരിക്കുവാൻ ശ്രമിച്ചെങ്കിലും ഇവർ ബഹളം വച്ചതിനെ തുടർന്ന് ഓടി രക്ഷപെട്ടു. സി.സി.ടി.വി അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിനെ തുടർന്ന് ഏറ്റുമാനൂരിലെ മീൻകടയിൽ ജോലി ചെയ്തിരുന്ന ഇയാളെ പിടികൂടുകയായിരുന്നു.