കോട്ടയം: പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് മാതാവ് കാമുകനൊപ്പം മുങ്ങി. തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇരുവരെയും പൊലീസ് പൊക്കി. മൂന്നാർ ഗ്രാംസ്ലാന്റ് സ്വദേശികളായ മല്ലിക, വീരപാണ്ടി എന്നിവരെയാണ് മൂന്നാർ ഡിവൈ. എസ്. പി രമേഷ്‌കുമാർ അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
ഒമ്പതും ഏഴും വയസ്സുള്ള ആൺകുട്ടികളെ ഉപേക്ഷിച്ചാണ് ഗ്രാംസ്ലാന്റ് ഫാക്ടറി ഡിവിഷൻ സ്വദേശി മല്ലിക സമീപവാസിയായ വീരപാണ്ടിക്കൊപ്പം നാടുവിട്ടത്.
ജനുവരി പതിമൂന്നിന് മല്ലികയെ കാണാനില്ലെന്ന് കാണിച്ച് ഭർത്താവ് ദേവികുളം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവികുളം പൊലീസ് ജുവനൈൽ ജസ്റ്റീസ് ആക്ട് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇരുവരും തമിഴ്നാട്ടിലെ തൊഴുപ്പേട്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലുണ്ടായിരുന്നതായി കണ്ടെത്തുകയും ചെയ്തു. ദേവികുളം എസ്.ഐ ദിലീപ്കുമാർ, എസ്. ഐ ജോയ് ജോസഫ്, എ. എസ്. ഐമാരായ ഷാഹിം, ഷൗക്കത്ത്, സി. പി. ഒ അശോക് കുമാർ എന്നിവരാണ് ഡിവൈ.എസ്.പിക്കൊപ്പമുണ്ടായിരുന്നത്.