കോട്ടയം: വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി ഭക്ഷണം കഴിക്കുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത ബംഗാളി പിടിയിലായി. ബംഗാൾ ജയ്പാൽഗുരി ജില്ലയിൽ പുർബദുരമാരി മൊഗാൽകട്ട സുശീൽ റാവയാണ് (28) കോട്ടയം വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് പിടികൂടിയത്. മോഷ്ടിച്ച മൊബൈൽ ഫോണിന്റെ ടവർ നോക്കിയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ‌‌ഡ് ചെയ്തു. 25ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. സി.എം.എസ് കോളജിന് സമീപത്തെ വനിതാ ഹോസ്റ്റലിൽ അർദ്ധരാത്രി അതിക്രമിച്ചു കയറിയ ഇയാൾ അടുക്കളയിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചു. തുടർന്ന് ഒരു മണിക്കൂറോളം അവിടത്തന്നെ വിശ്രമിച്ചു. രാത്രി ഒന്നരയോടെ പെൺകുട്ടികളുടെ കഴുത്തിലെ മാല പറിച്ചെടുക്കാൻ ശ്രമിച്ചതോടെ നിലവിളിയുയർന്നു. ഇതോടെ ഇയാൾ രണ്ടാം നിലയിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെയാണ് പ്രതി പെൺകുട്ടികളുടെ മൊബൈൽ ഫോണുകൾ കവർന്നത്. ഏറ്റുമാനൂരിലുള്ള മീൻകടയിലെ ജോലിക്കാരനാണ് പ്രതി.