manakchira

ചങ്ങനാശേരി : വികസനപ്രതീക്ഷകളുയർത്തി മനയ്ക്കച്ചിറ ടൂറിസം പദ്ധതിയുടെ നവീകരണപ്രവർത്തനങ്ങൾക്ക് തുടക്കമായി. ടൂറിസം പദ്ധതിയുടെ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. നിലവിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആദ്യഘട്ടത്തിൽ നിർമിച്ച കെട്ടിടങ്ങളുടെ നവീകരണവുമാണ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതോടെ, തകർച്ചയുടെ വക്കിലെത്തിയ മനയ്ക്കച്ചിറ ടുറിസം പദ്ധതിയുടെ മുഖച്ഛായ തന്നെ മാറുമെന്നാണ് പ്രതീക്ഷ.

2011 ലാണ് മനയ്ക്കച്ചിറ ടുറിസം പദ്ധതിയുടെ ആദ്യ ഘട്ടം യാഥാർഥ്യമായത്. എ.സി കനാലിനും റോഡിനും സമാന്തരമായി കനാലിന് സമീപത്തായി പവലിയൻ നിർമിക്കുകയും നടപ്പാതകളിൽ തറയോട് പാകുകയും ചെയ്തിരുന്നു. ഇതോടനുബന്ധിച്ച് ചുറ്റുമതിലും നിർമ്മിച്ചിരുന്നു. പവലിയൻ നിർമിച്ചുവെങ്കിലും പെഡൽ ബോട്ടുകൾ എത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ഇതോടെ പദ്ധതി തകർച്ചയിലായി. പവലിയനും ഹട്ടുകളും സാമൂഹ്യവിരുദ്ധർ ഇടത്താവളമാക്കി. ചുറ്റുമതിലും ലൈറ്റുകളിൽ ഭൂരിഭാഗം തകരുകയും ചെയ്തു. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ മേൽനോട്ടത്തിൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡാണ് (സിൽക്) നിർമാണ ജോലികൾ ചെയ്യുന്നത്. 99.50 ലക്ഷം രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. ഒരു വർഷത്തിനുള്ളിൽ രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം.

ലക്ഷ്യം


കോഫി, സ്‌നാക് ബാർ നിർമ്മിക്കുക.നടപ്പാതകൾ വൃത്തിയാക്കൽ.

വശങ്ങളിൽ സ്റ്റീൽ ഗ്രില്ലും കൂടുതൽ ലൈറ്റുകളും സ്ഥാപിക്കുക.

ഇലക്ട്രിക്കൽ, പവലിയൻ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വൃത്തിയാക്കുക. അതുവഴി കൂടുൽ സഞ്ചാരികളെ ആകർഷിക്കുക.