ചങ്ങനാശേരി: വാകത്താനം പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ വെട്ടിക്കുന്നേൽ പള്ളി- പോട്ടചിറ റോഡിന്റെ നിർമ്മാണം അനന്തമായി നീളുന്നതിനെതിരെ ഹൈക്കോടതി കോടതി. രണ്ട് മാസത്തിനകം റോഡുപണി പൂർത്തിയാക്കണമെന്നും അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പിഴ നൽകേണ്ടിവരുമെന്നും നിർദേശിച്ചു. സാങ്കേതിക കാരണം പറഞ്ഞ് ഉദ്യോഗസ്ഥർ തടസം നിൽക്കുന്നതായി ആരോപിച്ച് പഞ്ചായത്തംഗം പ്രിയ ബോബിയും ഫാ. വി.എം ഏബ്രഹാമു ചേർന്നാണ് ഗ്രാമസഭ തീരുമാനം നടപ്പാക്കാനാണ് കോടതിയെ സമീപിച്ചത്. കയ്യേറ്റം കുറയ്ക്കാനായി റോഡിലെ മണ്ണ് ഒരുമീറ്റർ താഴ്ചയിൽ നീക്കം ചെയ്തിരുന്നു. ഈ മണ്ണുപയോഗിച്ച് കരിക്കണ്ടം പന്തിരുപറ, സമൃദ്ധമഠം- പടിയറ എന്നീ റോഡുകളുടെ ലെവലിംഗ് നടത്താനും നേരത്തെ കോടതി ഉത്തരവിട്ടു. മണ്ണുനീക്കിയ കുരിശ്- പന്തിരുപറ, സമൃദ്ധമഠം- പടിയറ റോഡുകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും വെട്ടിക്കുന്നേൽപള്ളി -പോട്ടചിറ റോഡിന്റെ പണിപൂർത്തിയാക്കാനായില്ല. സംരക്ഷണ ഭിത്തികെട്ടാത്തതിനാലും ടാറിംഗും നടത്താത്തതിനാലും ഇതുവഴിയുള്ള യാത്ര ദുരിതത്തിലാണ്. കോടതി ഉത്തരവു വന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും റോഡുപണി അനന്തമായി നീണ്ടുപോയതോടെയാണ് പ്രിയ ബോബിയും ഫാ വി എം ഏബ്രഹാമും വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് മാസത്തിനുള്ളിൽ റോഡ് ഗതാഗത യോഗ്യമാക്കിയില്ലെങ്കിൽ വാകത്താനം പഞ്ചായത്ത് സെക്രട്ടറിയും മാടപ്പള്ളി ബി.ജി. ഒയും 25,000 രൂപ വീതം പിഴ അടയ്ക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്.