വൈക്കം : ഗാന്ധിജിയുടെ 150-ാം ജന്മ വാർഷികം പ്രമാണിച്ച് ജെസിഐയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഗാന്ധിദർശൻ 150 പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം 31ന് 2.30ന് വൈക്കം ശ്രീമഹാദേവ കോളേജിൽ മിസ്സോറാം ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻപിള്ള നിർവ്വഹിക്കും.

ഒക്ടോബർ 2വരെ നീണ്ടുനിൽക്കുന്ന പദ്ധതിയിൽ 10 മാസക്കാലത്തേക്കായി ഒട്ടേറെ പരിപാടികൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഉദ്ഘാടന സമ്മേളനത്തിൽ ജെ.സി.ഐ സോണൽ പ്രസിഡന്റ് ജെയിംസ് കെ. ജെയിംസ് അദ്ധ്യക്ഷത വഹിക്കും. നാഷണൽ ഡയറക്ടർ പി.കെ. സിദ്ദിഖ്, മുനിസിപ്പൽ ചെയർപേഴ്സൺ ഇൻ ചാർജ് ഇന്ദിരാദേവി, ശ്രീ മഹാദേവകോളേജ് ഡയറക്ടർ പി.ജി.എം.നായർ കാരിക്കോട്, ഫോക്കസ് ഏരിയ ചെയർമാൻ വിനോദ് ശ്രീധർ, പ്രോഗ്രാം വൈസ് ചെയർമാൻ മാത്യു.കെ.ജോസഫ് എന്നിവർ പ്രസംഗിക്കും. ചാപ്റ്റർ പ്രസിഡന്റ് രൂപേഷ്. ആർ. മേനോൻ സ്വാഗതവും സെക്രട്ടറി മനോമോഹൻ നന്ദിയും പറയും.

ഗാന്ധിദർശൻ 150 ന്റെ കർമ്മപരിപാടികളുടെ ഭാഗമായി ഗാന്ധിയൻ ആദർശങ്ങളെ ആസ്പദമാക്കി 150 സ്കൂൾ/കോളേജുകളിൽ സൗജന്യമായി വിവിധ പരിശീലനപരിപാടികൾ നടത്തും. ഒരു മാസം ഒരു ഗാന്ധിയൻ ആദർശത്തെ ആസ്പദമാക്കി 10 മാസം കൊണ്ടാണ് പരിശീലനം.

ഇരുപത്തിയഞ്ച് സ്കൂളിൽ ഗാന്ധി പ്രതിമ സ്ഥാപിക്കും. ഗാന്ധിജി എത്തിച്ചേർന്ന വൈക്കത്തു നിന്ന് ഗാന്ധിജിയുടെ ആശയങ്ങളുമായി ജെ.സി.ഐ വൈക്കം ചാപ്റ്ററിൽ നിന്നുള്ള ഒരംഗം സൈക്കിളിൽ ഹിമാലയം സന്ദർശിച്ച് കാശ്മീർ വഴി തിരിച്ചു കന്യാകുമാരിയിലെത്തി യാത്ര അവസാനിപ്പിക്കും. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയായ ''സ്വച്ഛ് ഭാരത്'' ഏറ്റെടുത്ത് പൊതു സ്ഥലങ്ങൾ, റോഡുകൾ എന്നിവ വൃത്തി ആക്കും. ഖാദി വസ്ത്രങ്ങളുടെയും ഉത്പ്പന്നങ്ങളുടെ പ്രൊമോഷൻ നടത്തും. പ്രകൃതിയെയും പ്രകൃതി വിഭവങ്ങളെയും വരും തലമുറകൾക്കുവേണ്ടി സംരക്ഷിക്കുന്നതിനുള്ള പദ്ധതി, കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി യുവജനങ്ങൾക്കായി 3 ദിവസ ശിബിരം, ക്ലാസ്സുകൾ, സെമിനാറുകൾ, പൊതു സമൂഹവുമായുള്ള ആശയ വിനിമയങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുമുണ്ടാവും. ഔഷധ സസ്യങ്ങളും, വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന വ‌ൃക്ഷങ്ങളും പൊതു സ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും നട്ട് പിടിപ്പിച്ചു സംരക്ഷിക്കുന്ന പദ്ധതി കേരളത്തിൽ ആകമാനം നടപ്പിലാക്കുമെന്നും പ്രോഗ്രാം കോ-ഓഡിനേറ്റർ രൂപേഷ് ആർ മേനോൻ, കൺവീനർ പി.ജി.എം നായർ കാരിക്കോട് എന്നിവർ അറിയിച്ചു.