വൈക്കം : പുളിഞ്ചുവട് - ചേരുംചുവട് റോഡിലൂടെ കാൽ നടയാത്രയും ഇരുചക്രവാഹന യാത്രയും ജീവൻ പണയം വച്ച് വേണം.
കോട്ടയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് വൈക്കം ടൗണിൽ കയറാതെ ആലപ്പുഴ റോഡിലേക്ക് പ്രവേശിക്കുവാനുള്ള എളുപ്പ മാർഗ്ഗമാണിത്.
ഏകദേശം രണ്ടര കിലോമീറ്റർ ദൂരം വരുന്ന പുളിഞ്ചുവട് ചേരും ചുവട് റോഡ് അടുത്ത കാലത്താണ് ഉന്നത നിലവാരത്തിൽ ടാർ ചെയ്തത്. റോഡ് നല്ലതായതോടെ വാഹനങ്ങളുടെ മരണപ്പാച്ചിലും തുടങ്ങി. ഇപ്പോഴത്തെ വാഹന ഗതാഗതവുമായി താരതമ്യം ചെയ്യമ്പോൾ റോഡ് വളരെയധികം ഇടുങ്ങിയതാണ്.
പുളിഞ്ചുവട് ചേരും ചുവട് റോഡിലെ ഏറ്റവും വീതി കുറഞ്ഞ ഭാഗമാണ് മുരിയൻകുളങ്ങര മുതൽ കവരപ്പാടി നടവരെയുള്ള ഭാഗം. കവരപ്പാടിനടയിൽ നിന്നും അയ്യർ കുളങ്ങരയിലേക്ക് തിരിയുന്ന ഭാഗത്തുള്ള ട്രാൻസ്‌ഫോർമറിന് ചുറ്റുവേലി ഇല്ലാത്തത് അപകട സാദ്ധ്യത സൃഷ്ടിക്കുന്നു.
മുരിയൻകുളങ്ങര മുതൽ കവരപ്പാടി നടവരെയുള്ള റോഡിനിരുവശത്തും ഓടയ്ക്ക് മീതേ സ്ഥാപിച്ച സ്ലാബുകൾ റോഡിൽ ഉയർന്നു നിൽക്കുന്നതും ഭീഷണിയാണ്. ടോറസ് അടക്കമുള്ള ഭാരവണ്ടികൾ നിരന്തരം കടന്നു പോകുന്നതിനാൽ ഇതു വഴിയുള്ള യാത്ര തന്നെ ഭീതിജനകമാണ്. ഓടയ്ക്ക് മീതെയുള്ള സ്ലാബുകൾ കയറിയിറങ്ങിയും റോഡിലേക്ക് തള്ളിയും നില്ക്കുന്നതിനാൽ കാൽനട യാത്രയും ബുദ്ധിമുട്ടാണ്. ഒരേ സമയം ഇരു ദിശയിൽ വാഹനങ്ങൾ വരുന്നതിനാൽ സ്ലാബുകളിൽ ഇടിച്ചു തകർക്കുന്നതും നിത്യസംഭവമായി.
11 കെ.വി ലൈൻ കടന്നു പോകുന്ന ഈ റോഡിലെ വൈദ്യുതി പോസ്റ്റുകൾ മിക്ക ഭാഗത്തും റോഡിലേക്ക് ഇറങ്ങി നില്ക്കുന്നു.
പുളിഞ്ചുവട് മുതൽ മുരിയൻ കുളങ്ങര വരെ പൂർണ്ണമായും ഓടയ്ക്ക് മീതേ സ്ലാബുകൾ പാകത്തതും അപകടത്തിന് കാരണമാകുന്നു. മേൽശാന്തി മഠത്തിൽ നിന്നും ക്ഷേത്രക്കുളത്തിന്റെ സമീപത്തുകുടി തെക്കേനടയിലേക്ക് പ്രവേശിക്കുന്ന ഇടുങ്ങിയ റോഡും അപകട ഭീഷണി ഉയർത്തുന്നുണ്ട്.
ഇടുങ്ങിയ റോഡ്; അപകടങ്ങൾ പെരുകുന്നു
ചേർത്തല, ആലപ്പുഴ റോഡിലേക്ക് എളുപ്പമെത്തുവാൻ കഴിയുമെന്നതിനാൽ ഭാരവണ്ടിയുൾപ്പടെയുളള നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നു പോകുന്നത്. വാഹനങ്ങളുടെ വർദ്ധനവിന് അനുസരിച്ച് അപകടങ്ങളിലും ഗണ്യമായ വർദ്ധനവ് വന്നു. ഇതുവഴി വന്ന കാർ ചേരും ചുവട് ഭാഗത്ത് വച്ച് അപകടത്തിൽപ്പെട്ട് നാലു പേരുടെ മരണത്തിനിടയാക്കിയ സംഭവം നടന്നിട്ട് ഒരു മാസമായിട്ടില്ല.