പാലാ : ഇടപ്പാടിയിലെ പുണ്യഭൂമിയിൽ നിന്ന് ശിവഗിരിക്കുന്നിലെ മഹാസമാധിയിലേക്കുള്ള പദയാത്രയ്ക്ക് വിളക്കുമാടം കളപ്പുരയ്ക്കലെ ദേവകി മുത്തശ്ശി പാദബലമാക്കിയത് മഹാഗുരുവിന്റെ മന്ത്രം മാത്രം! നീണ്ട 250 കിലോമീറ്റർ കാൽനടയായി താണ്ടിയപ്പോഴും 85 കാരിയായ ദേവകിയമ്മ ഒട്ടും തളർന്നില്ല. താങ്ങാൻ ഭഗവാനുള്ളപ്പോൾ എന്ത് തളർച്ചയെന്ന മട്ട്. കൂടെയുള്ള ചെറുപ്പക്കാർ പോലും ഇടയ്ക്കിടെ നടപ്പിൽ നിന്നൊന്ന് വലിഞ്ഞെങ്കിലും ഒരേ വേഗതയിലുള്ള പദയാത്രയിലൂടെ പുത്തൻ ചരിത്രം കുറിച്ചു ഈ ഗുരു ഭക്ത.

എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയന്റേയും, ഇടപ്പാടി ആനന്ദഷൺമുഖ ക്ഷേത്ര യോഗത്തിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടന പദയാത്രയിൽ പ്രായത്തിൽ ഏറ്റവും മുതിർന്ന അംഗമായിരുന്നു ദേവകിയമ്മ. ഇതിനു മുമ്പ് യൂണിയൻ നടത്തിയ ശിവഗിരി പദയാത്രയിലെല്ലാം അംഗമായിരുന്നു ഇവർ. എസ്.എൻ.ഡി.പി യോഗം 754ാം നമ്പർ ഇടമറ്റം ശാഖയിലെ ഗുരുമന്ദിരത്തിൽ നിത്യ വിളക്ക് തെളിക്കുന്നതും, മുറ്റവും പരിസരവും അടിച്ചുവാരി വൃത്തിയാക്കുന്നതും ഇവരാണ്. ഭർത്താവ് മാധവൻ 5 വർഷം മുമ്പ് മരിച്ചു. മൂന്ന് ആൺമക്കളും ഒരു മകളുമുണ്ട്. മകൾ ലളിതയോടൊപ്പമാണ് ദേവകിയമ്മയുടെ താമസം. ഗുരുഭക്തിയുടെ നിറവിൽ പ്രായത്തെ തോൽപ്പിച്ച പദയാത്ര നടത്തിയ ദേവകി മുത്തശ്ശിയെ ഇടമറ്റം ശാഖാ യൂത്ത് മൂവ്‌മെന്റ് കഴിഞ്ഞ ദിവസം പൊന്നാട അണിയിച്ചാദരിച്ചിരുന്നു.

'ഭഗവാനെ മനസിൽ വിചാരിച്ചങ്ങ് നടന്നു തുടങ്ങി. ആ വിശ്വാസ ബലത്തിൽ മുറുകെ പിടിച്ച് മുന്നോട്ടങ്ങു നടക്കും. ശിവഗിരി മഹാസമാധിയിലെത്തിയപ്പോഴും എനിക്ക് ഇടപ്പാടിയിൽ നിന്ന് യാത്ര തുടങ്ങിയ അതേ ഉത്സാഹമായിരുന്നു"

ദേവകിയമ്മ

'ഗുരുപാദമുദ്ര ' പുരസ്‌കാരം

ദേവകിയമ്മയ്ക്ക് ഇടപ്പാടി ആനന്ദ ഷൺമുഖ ക്ഷേത്ര യോഗം വക 'ഗുരുപാദമുദ്രാ ' പുരസ്‌കാരത്തിനും ദേവകിയമ്മ അർഹയായി. ഫെബ്രുവരി 3 ന് മകരപ്പൂയ മഹോത്സവത്തിന്റെ കൊടിയേറ്റിന് ശേഷം രാത്രി 7.45 ന് ദേവകിയമ്മയ്ക്ക് പൊന്നാട ചാർത്തി പുരസ്കാരം നൽകുമെന്ന് ക്ഷേത്ര യോഗം ഭാരവാഹികളായ ഷാജി മുകളേൽ, സുരേഷ് ഇട്ടിക്കുന്നേൽ എന്നിവർ പറഞ്ഞു. ക്ഷേത്രം മുഖ്യ രക്ഷാധികാരി അഡ്വ.കെ.എം.സന്തോഷ് കുമാർ, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, സ്വാമി വേദ തീർത്ഥ, തന്ത്രി ജ്ഞാന തീർത്ഥ, മേൽശാന്തി സനീഷ് വൈക്കം തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് ഭക്തജനങ്ങൾക്കായി പദയാത്രാ അനുഭവം ദേവകിയമ്മ വിവരിക്കും.