കോട്ടയം: ആനുകൂല്യത്തിന് മാത്രം മുൻഗണനാ കാർഡുകൾ കൈവശംവച്ചവർക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്. മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്ത ജില്ലയിലെ 2465 മുൻഗണന, അന്ത്യോദയ കാർഡുടമകളെ പൊതുവിഭാഗത്തിലേയ്ക്കു മാറ്റി. ഇവർക്ക് ഇനി സൗജന്യ റേഷൻ ലഭിക്കില്ല. സിവിൽ സപ്ലൈസ് വകുപ്പ് നടത്തിയ കണക്കെടുപ്പിലാണ് ഇത്രയും കാർഡുടമകൾ റേഷൻ വാങ്ങുന്നില്ലെന്ന് കണ്ടെത്തിയത്.
അർഹരായ നിരവധിപേർ പുറത്തുനിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നുമാസം തുടർച്ചയായി റേഷൻ വാങ്ങാത്തത് അയോഗ്യതയായി ചൂണ്ടിക്കാട്ടി സിവിൽ സപ്ലൈസ് വകുപ്പ് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചത്. ഇത് സർക്കാർ അംഗീകരിച്ചു. സംസ്ഥാനത്ത് ഇത്തരത്തിൽ 40,000ത്തോളം പേരാണ് പുറത്തായത്. സൗജന്യ റേഷൻ വേണ്ടാത്തവർ പാവങ്ങൾ ആകില്ലെന്ന നിലപാടാണ് ഇക്കാര്യത്തിൽ സിവിൽ സപ്ലൈസ് വകുപ്പിന്റേത്. ഇ-പോസ് യന്ത്രങ്ങൾ എല്ലാ കടകളിലുമുള്ളതിനാൽ വേഗത്തിൽ ഇത്തരക്കാരെ കണ്ടെത്താനും കഴിയും.

ഒഴിവുവരുന്ന മുൻഗണനാ പട്ടികയിലേയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസുകളിൽ തയ്യാറാക്കുന്ന സാദ്ധ്യതാപട്ടികയിൽനിന്ന് ആളുകളെ ഉൾപ്പെടുത്തും. വസ്തുതകൾ മറച്ചുവച്ച് മുൻഗണനാ പട്ടികയിൽ കടന്നുകൂടിയവരിൽ നിന്ന് സാധനങ്ങളുടെ കമ്പോളവില ഈടാക്കുന്നതിന്റെ ഭാഗമായുള്ള പരിശോധനയും പുരോഗമിക്കുകയാണ്. ഇവരിൽ നിന്ന് പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. ജില്ലയിൽ ഇത്തരത്തിൽ നിരവധിപേരിൽനിന്ന് പിഴ ഈടാക്കിയിട്ടുണ്ട്.

പുറത്താക്കപ്പെട്ടവർ

2465

താലൂക്ക് തിരിച്ച്

കോട്ടയം - 820
ചങ്ങനാശേരി - 346
വൈക്കം - 154
കാഞ്ഞിരപ്പള്ളി -521
മീനച്ചിൽ - 624

മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കപ്പെടുന്നവർ മതിയായ കാരണംകാണിച്ച് അർഹത വ്യക്തമാക്കി സമീപിച്ചാൽ വീണ്ടും അവസരം നൽകും.

-ജില്ലാ സപ്ലൈ ഓഫീസർ