കോട്ടയം: ജില്ലയിലെ ബാങ്ക് എ.ടി.എമ്മുകളിൽ 99 ശതമാനവും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പൊലീസ് . സുരക്ഷാ നിർദേശങ്ങൾ ചൂണ്ടിക്കാട്ടി കത്തു നൽകിയിട്ടും ബാങ്കുകൾ ഗൗനിക്കുന്നില്ലെന്നാണ് പൊലീസിന്റെ പരാതി. സുരക്ഷാ കാമറകളും സെക്യൂരിറ്റി സംവിധാനവും ഇല്ലാതെയാണ് ഭൂരിപക്ഷം എ. ടി. എമ്മികളും പ്രവർത്തിക്കുന്നത്.
കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളിൽ എ.ടി.എമ്മുകൾ തകർത്ത് ഉത്തരേന്ത്യൻ സംഘം മോഷണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ബാങ്കുകൾക്ക് പൊലീസ് കത്ത് നൽകിയത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കില്ലെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു.
സുരക്ഷാ നിർദേശങ്ങൾ
എ.ടി.എമ്മുകൾക്ക് അകത്തും പുറത്തും കാമറ സ്ഥാപിക്കണം.
ദൃശ്യങ്ങൾക്ക് വ്യക്തത കിട്ടുന്ന കാമറകൾ വേണം വയ്ക്കാൻ
എ.ടി.എമ്മുകളിൽ സെക്യൂരിറ്റി ജീവനക്കാരെ നിയോഗിക്കണം
ജില്ലയിലെ എ.ടി.എമ്മുകൾ - 1200
പുറം കാമറയില്ലാത്തവ - 848
സുരക്ഷാജീവനക്കാരില്ലാത്തത് - 1180
വേണ്ടത്ര സുരക്ഷാ സംവിധാനം ഇല്ലാത്ത എ. ടി. എമ്മുകളിൽ കവർച്ചയ്ക്കുള്ള സാദ്ധ്യത കൂടുതലാണ്. കവർച്ച നടന്നാൽ തന്നെ കേസന്വേഷണം ഫലപ്രദമായി നടത്താനാേ പ്രതികളെ പിടിക്കാനോ കഴിയില്ല.
-ജില്ലാ പൊലീസ്