പാലാ : സമൂഹത്തിലെ വേദനിക്കുന്നവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും ഒപ്പം നിലകൊണ്ട ജനകീയ നേതാവായിരുന്നു കെ.എം. മാണിയെന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പറഞ്ഞു. കെ.എം.മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ നടന്ന കാരുണ്യ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാലാ കൊച്ചിടപ്പാടി പൈകട ആതുരാലയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കർഷക തൊഴിലാളി പെൻഷൻ മുതൽ കാരുണ്യ വരെയുള്ള അദ്ദേഹത്തിന്റെ പദ്ധതികളിലെല്ലാം ജീവകാരുണ്യത്തിന്റെ മുഖമാണ് തെളിഞ്ഞ് കാണുന്നത്. നേതാവിന്റെ ജന്മദിനം കാരുണ്യ ദിനമായി വിവിധ പരിപാടികളോടെ ആചരിക്കുന്നത് മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തോമസ് ചാഴികാടൻ എം.പി അദ്ധ്യക്ഷത വഹിച്ചു. കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മ, മക്കളായ ജോസ് കെ. മാണി എം.പി, എൽസമ്മ, സാലി, ആനി, സ്മിത, നിഷ ജോസ് കെ. മാണി, മാണി കെ. ജോസ് എന്നിവർ അന്തേവാസികൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ഭക്ഷണം വിതരണം ചെയ്യുകയും ചെയ്തു. കെ.എം. മാണിയുടെ ചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.