കോട്ടയം : കേരള കോൺഗ്രസ് (എം) ചെയർമാൻ ആയിരുന്ന കെ.എം മാണിയുടെ ഭരണരംഗത്തെ ജനസേവന നേട്ടങ്ങളും, പഠനങ്ങളും ആഗോളതലത്തിൽ എത്തിക്കുന്നതിന്റെ ഭാഗമായി വരും തലമുറയ്ക്ക് അദ്ദേഹത്തെപ്പറ്റി കുടുതൽ അറിയാൻ കെ.എം.മാണി ഗ്ലോബൽ സ്റ്റഡി സെൻറർ പ്രവർത്തനം ആരംഭിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ പറഞ്ഞു. കോട്ടയം റോട്ടറി ഹാളിൽ നടന്ന കെ.എം.മാണി ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.എം.മാണിയോടുള്ള ആദരസൂചകമായി ഡയാലിസിസ് രോഗികൾക്കായി സൗജന്യമായി ഡയാലിസിസ് കിറ്റുകൾ യോഗത്തിൽ കോട്ടയം ജില്ലാ ആശുപത്രി ആർ.എം.ഒ ഭാഗ്യശ്രീയ്ക്ക് കൈമാറി. സംസ്ഥാന ജനറൽ സെക്രട്ടറി ജോയി എബ്രഹാം മുഖ്യപ്രസംഗം നടത്തി. സാജൻ ഫ്രൻസിസ്, കെ.എഫ് വർഗ്ഗീസ്, വി.ജെ ലാലി, തോമസ് കണ്ണന്തറ, അഡ്വ.ജെയ്സൺ ജോസഫ്‌, മാത്തുക്കുട്ടി പ്ലാത്താനം തുടങ്ങിയവർ പ്രസംഗിച്ചു. കെ.എം മാണി ജയന്തി സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് തിരുവനന്തപുരത്ത് നിർവഹിച്ചു.