പാലാ : അമ്പമ്പോ.... ഉച്ചവെയിലിന്റെ ചൂട് ഭയങ്കരം, പാലായിൽ തോടിനു പോലും തീപിടിച്ചു!പാലാ ടൗൺ ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ളാലം തോട്ടിലാണ് തീ പടർന്നത്. തോടിന്റെ വെള്ളം വറ്റിയ ഭാഗത്ത് ആരോ തള്ളിയ ചവറുകൂനയ്ക്കു പിടിച്ച തീ തോട്ടിലെ പുല്ലിലേക്കും പടർന്നു. ബസ് സ്റ്റാൻഡാകെ പുക ഉയർന്നു. കോട്ടയം ഭാഗത്തേക്കുള്ള ബസുകൾ നിറുത്തുന്ന വെയ്റ്റിംഗ് ഷെഡ്ഡിലേക്കും തീയുടെ കഠിനമായ ചൂട് എത്തിയതോടെ യാത്രക്കാർ പാലാ ഫയർഫോഴ്‌സിന്റെ സഹായം തേടി. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു സംഭവം. തോട്ടിൽ തള്ളിയിരുന്ന പേപ്പർ അടക്കമുള്ള മാലിന്യങ്ങൾക്കാണ് തീപിടിച്ചത്. ആരെങ്കിലും ഉപേക്ഷിച്ച സീഗരറ്റ് കുറ്റിയിൽ നിന്നാവാം തീ പടർന്നതെന്ന് കരുതുന്നതായി പാലാ ഫയർ സ്റ്റേഷൻ ഓഫീസർ കെ. ആർ. ഷാജിമോൻ പറഞ്ഞു. പരിസരമാകെ പുക നിറഞ്ഞതോടെ ഫയർഫോഴ്‌സ് തോട്ടിലേക്ക് തുടരെ വെള്ളം പമ്പ് ചെയ്ത് തീ കെടുത്തുകയായിരുന്നു.