വൈക്കം: കുടവെച്ചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി മനയത്താറ്റുമന ദിനേശൻ നമ്പൂതിരി കൊടിയേറ്റി. മേൽശാന്തി ജഗദീഷ് പോറ്റി സഹകാർമ്മികനായി. കൊടിയേറ്റാനുള്ള കൊടിക്കയർ കടവിൽപറമ്പിൽ ക്ഷേത്രത്തിൽ നിന്നും ആഘോഷപൂർവ്വം ക്ഷേത്രത്തിലേക്ക് എഴുന്നള്ളിച്ചു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിദ്യാഭ്യാസ അവാർഡുകൾ, പുരസ്‌കാര ജേതാക്കളെ ആദരിക്കൽ എന്നിവ നടത്തി. ദേവസ്വം പ്രസിഡന്റ് ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം ട്രഷറർ ഇ.ഡി. ജയൻ നായർ, വിവിധ സമുദായ സംഘടനാ നേതാക്കളായ ടി.എൻ. ഗോപിനാഥൻ നായർ, സുനിൽ കുമാർ, എൻ.ജി. ബാലചന്ദ്രൻ, പി.ബി. ചന്ദ്രബാബു, അജിത് കുമാർ, ഗോവിന്ദൻ നായർ, ചന്ദ്രശേഖരൻ നായർ, രാധാകൃഷ്ണൻ നായർ, പി.ടി. ഷാജിമോൻ, വി.കെ. ശങ്കരനാരായണൻ നായർ എന്നിവർ പ്രസംഗിച്ചു. കൊടിയേറ്റിനു ശേഷം അന്നദാനവും നടത്തി. എട്ട് ദിവസം നീളുന്ന ഉത്സവാഘോഷം ഫെബ്രുവരി 4 ന് സമാപിക്കും. സമാപന ചടങ്ങായ ആറാട്ടെഴുന്നള്ളിപ്പ്, ആറാട്ട് സദ്യ, ആറാട്ട് വരവ്, വലിയകാണിക്ക എന്നിവയും നടക്കും.