വൈക്കം: വല്ലകം സെന്റ് മേരീസ് പള്ളിയിലെ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ അന്തോനീസിന്റെയും, വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളാഘോഷത്തിന് ഇന്ന് വൈകിട്ട് എറണാകുളം അങ്കമാലി അതിരൂപത ചാൻസലർ ഫാ. ജോസ് പൊള്ളയിൽ കൊടിയേറ്റും. വികാരി ഫാ. സെബാസ്റ്റ്യൻ മാടശ്ശേരി സഹകാർമ്മികനാകും. ഇടവകയിലെ 247 കുടുംബങ്ങളിലെ സ്ത്രീകൾ പ്രസദേന്തിമാരായി തിരുനാൾ ആഘോഷിക്കുന്നത് ഈ വർഷത്തെ പ്രത്യേകതയാണ്. ഒരേ യൂണിഫോം ധരിച്ച് 247 സ്ത്രീകൾ പ്രദക്ഷിണത്തിൽ അണിചേരും. 31 ന് ആരാധന ദിനമായി ആചരിക്കും. വൈകിട്ട് 5 ന് പൊതു ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. ഫാ. ജോസഫ് തെക്കേപാറവേലിൽ കാർമ്മികനാകും. ഫെബ്രുവരി 1ന് വിശുദ്ധ അന്തോനീസിന്റെ തിരുനാൾ ആഘോഷിക്കും. വൈകിട്ട് 5 ന് രൂപം വെഞ്ചിരിപ്പ്, ഫാ. ഫിലിപ്പ് രാമച്ചനാട്ടിന്റെ മുഖ്യകാർമ്മികത്വത്തിൽ ദിവ്യബലി എന്നിവ നടത്തും. ഫാ. റെൻസൻ പൊള്ളയിൽ അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് കാഴ്ച സമർപ്പണം, പ്രദക്ഷിണം, 2 ന് രാവിലെ 7 ന് ദിവ്യബലി, വൈകിട്ട് 5 ന് നടക്കുന്ന തിരുനാൾ കുർബാനയ്ക്ക് ഫാ. ബിബിൻ കുരിശുതറ മുഖ്യകാർമ്മികനാകും. തുടർന്ന് പ്രദക്ഷിണം പുറപ്പെടും. 3 ന് മരിച്ചവരുടെ ഓർമ്മദിനമായി ആചരിക്കും.