കോട്ടയം: നെൽകർഷകർക്ക് ഇത് ആശങ്കയുടെ നിമിഷങ്ങളാണ്. ഓരുവെള്ള ഭീഷണിയുടെ മുൾമുനയിലാണ് കൃഷിയിടങ്ങൾ. ഇതിനിടെ കാലാവസ്ഥ വ്യതിയാനവും വില്ലനാവുന്നുണ്ട്. ചുരുക്കത്തിൽ നിരാശയുടെ നടുവിലാണ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിലെ കർഷകരെന്ന് പറയാം.

ആയിരക്കണക്കിന് ഹെക്ടർ നെൽകൃഷിക്കാണ് ഓരുവെള്ളം ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നത്. കടലിൽ വേലിയേറ്റം ശക്തമാകുകയും കായംകുളം മത്സ്യബന്ധന തുറമുഖം വഴി ഉപ്പുവെള്ളം കയറാൻ തുടങ്ങുകയും ചെയ്തതോടെ കരിനിലങ്ങളും ഭീഷണിയിലാണ്.

27,800 ഹെക്ടറിലാണ് ഇപ്പോൾ പുഞ്ചകൃഷി നടക്കുന്നത്. രണ്ട് മാസത്തിൽ താഴെ പ്രായമായ നെൽചെടികളാണ് കാലാവസ്ഥ വ്യതിയാനത്തിൽ അകപ്പെട്ടിരിക്കുന്നത്. പകലും രാത്രിയിലും ഒരേപോലെയുളള ചൂടും പുലർകാലത്തെ മഞ്ഞും നെൽചെടികളെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. 30 ഡിഗ്രിയിൽ അധികം ചൂട് വർദ്ധിച്ചാൽ അത് ഇളം നെല്ലിന്റെ പാലിനെ ബാധിക്കും. ഇതോടെ ഇത് പതിരായി പോകുകയും ചെയ്യും.

ഓരുവെള്ളം കാരണം മിക്ക പാടശേഖരങ്ങളിലും പുളിയിളക്കം പ്രകടമായിത്തുടങ്ങിയിട്ടുണ്ട്. കൂനിൽമേൽ കുരുവെന്നപോലെ

ഓലകരിച്ചിലും ഓലചുരുട്ടി, ഈച്ച, ഇലപ്പേൻ തുടങ്ങിയ കീടങ്ങളും പാടങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. വിളവിറക്കി 13 മുതൽ 90 ദിവസം വരെ പ്രായമായ നെൽചെടികളാണ് പ്രധാനമായും ഓരു ജല ഭീഷണി നേരിടുന്നത്.

ഓരുമുട്ടുകൾ

സ്ഥാപിച്ചില്ല

കായലുമായി ബന്ധമുള്ള ചെറു കൈവഴികളിലൂടെ ഉപ്പുവെള്ളം കയറുന്നുണ്ട്. ഉപ്പുവെള്ളം കയറുന്നത് തടയാൻ എല്ലാ വർഷവും ഓരുമുട്ടുകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ ഇത്തവണ കൃത്യസമയത്ത് അത് ചെയ്യാത്തതാണ് ഉപ്പുവെള്ളം കയറാൻ കാരണമെന്നാണ് കൃഷിക്കാർ പറയുന്നത്.

മുൻവർഷങ്ങളിലെന്ന പോലെ ഓരുമുട്ട് നിർമ്മിക്കാൻ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടേണ്ടത് ആവശ്യമാണ്. കാലവർഷത്തിൽ പാടശേഖരങ്ങളുടെ പുറംബണ്ടിനുണ്ടായ ബലക്ഷയവും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.