കോട്ടയം: ട്രഷറി നിയന്ത്രണം മൂലം ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ അവതാളത്തിലായി. പണം കിട്ടാത്തതിനാൽ കരാറുകാർ പല പദ്ധതികളും പാതിവഴിയിൽ നിർത്തിവച്ചിരിക്കയാണ്. പുതിയ പദ്ധതികൾ ഏറ്റെടുക്കാനും വിസമ്മതിക്കുന്നു.
പുതിയ വാർഷിക പദ്ധതികൾക്ക് രൂപമേകുന്നതിലും ട്രഷറി നിയന്ത്രണം വിലങ്ങുതടിയാവുന്നു.
അഞ്ച് ലക്ഷം രൂപ വരെയുള്ള ബില്ലുകൾ അനുവദിക്കാൻ സർക്കാർ ട്രഷറികൾക്കു നൽകിയ നിർദ്ദേശവും സഹായകമാവുന്നില്ല. 44.24 കോടി രൂപയുടെ 2119 ബില്ലുകളാണ് ട്രഷറികളിൽ കെട്ടിക്കിടക്കുന്നത്. ജനറൽ പദ്ധതികളുടെ 17.98 കോടിയും എസ്.സി വിഭാഗത്തിന്റെ 3 കോടിയും റോഡുകളുടെ 8.12 കോടിയും നോൺ റോഡ് പദ്ധതികളുടെ 3 കോടിയും അനുവദിക്കാനുണ്ട്. ജില്ലാ പഞ്ചായത്തിന്റെ 112 പദ്ധതികളിലായി 6.42 കോടി രൂപയുടെ ബില്ലും കുരുങ്ങിക്കിടക്കുന്നു. ജനറൽ പദ്ധതികളിലായി 4.20 കോടി രൂപ ലഭിക്കാനുണ്ട്.
പഞ്ചായത്തുകളെ തുണച്ചില്ല
അഞ്ചു ലക്ഷം വരെയുള്ള ബില്ലുകൾ അനുവദിക്കാമെന്ന തീരുമാനം പഞ്ചായത്തുകളെയും കാര്യമായി തുണച്ചിട്ടില്ല. അരക്കോടിക്ക് മുകളിൽ ബില്ലുകൾ ട്രഷറിയിൽ കുടുങ്ങിയ പഞ്ചായത്തുകൾ ജില്ലയിലുണ്ട്. കുറിച്ചി 72.4 ലക്ഷം, ചിറക്കടവ് 81.57 ലക്ഷം, രാമപുരം 94.78 ലക്ഷം, മുണ്ടക്കയം 73.3 ലക്ഷം അയർക്കുന്നം 74.58 ലക്ഷം, അതിരമ്പുഴ 60.43 ലക്ഷം, കാണക്കാരി 96.62 ലക്ഷം, പാമ്പാടി 58.59 ലക്ഷം, ഉയനാപുരം 58.54ലക്ഷം തുടങ്ങിയവയാണ് കൂടുതൽ തുക ലഭിക്കാനുള്ള പഞ്ചായത്തുകൾ. .
നഗരസഭകളുടെ ട്രഷറി കുടിശിക
കോട്ടയം: 4.80 കോടി
ചങ്ങനാശേരി: 3.35 കോടി
ഏറ്റുമാനൂർ: 5.84 കോടി
വൈക്കം: 29 ലക്ഷം
ഈരാറ്റുപേട്ട: 17.86 ലക്ഷം
പാല : 20.6 ലക്ഷം
ട്രഷറിയിൽകുടുങ്ങിയത്
44.24 കോടി രൂപ
സർക്കാരിന്റെ പിടിപ്പുകേടാണ് ട്രഷറി നിയന്ത്രണത്തിലൂടെ വെളിപ്പെടുന്നത്. ജനങ്ങളുടെ പണമെടുത്ത് വിദേശ സന്ദർശനം അടക്കമുള്ള കാര്യങ്ങൾക്ക് ധൂർത്തടിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും വികസന പ്രവർത്തനങ്ങൾക്ക് പണമില്ലെന്ന് പറയുന്നതിൽ എന്തു ന്യായമാണുള്ളത്?
-മുഹമ്മദ് ഇഖ്ബാൽ, കോടിമത