വൈക്കം : ഉദയനാപുരം ഗോശാല കുഴിപ്പറമ്പിൽ ഭദ്റകാളി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നാളെ മുടിയേ​റ്റ് നടത്തും. മഴുവന്നൂർ മടക്കിൽ ശ്രീഭദ്റ മുടിയേ​റ്റ് സംഘത്തിന്റെ ആഭിമുഖ്യത്തിൽ രാത്രി 11 നാണ് മുടിയേ​റ്റ്. കാളി, കൂളി, ദാരികൻ, കോയിമ്പട നായർ, ദാനവേന്ദ്രൻ എന്നി വേഷങ്ങൾ ധരിച്ച് കഥപാത്രങ്ങളും ചെണ്ട, ഇലത്താളം എന്നീ വാദ്യങ്ങളുമുണ്ടാവും. ക്ഷേത്ര പരിസരം മുഴുവൻ രംഗമായി പരിണിക്കുന്ന ദേവി ഭക്തിയുമായി ബന്ധപ്പെട്ട അനുഷ്ഠാന കലയാണ് മുടിയേ​റ്റ്. കഥകളിയോട് സാദൃശ്യമുള്ളതാണ് കാളിയുടെയും ദാരുകന്റെയും കിരീടം. എന്നാൽ കാളിക്ക് വേഷവിധാനങ്ങളിൽ ചില പ്രത്യേകതകളുണ്ട്. സമാനമായ വേഷവിധാനമുള്ള കൂളി മുടിയേ​റ്റിലെ ഹാസ്യ കഥാപാത്രമാണ്. നാടൻ വേഷമാണ് കോയിമ്പട നായരുടേതും ദാനവേന്ദ്രന്റേതും. ദാരികന്റെ ഉപദ്റവം മൂലം ഭൂമിദേവി അനുഭവിക്കുന്ന ദുരിതങ്ങൾ നാരദർ ശിവനെ അറിയിക്കുന്നു. എല്ലാവരും കാണത്തക്ക രീതീയിൽ ദാരുകനെ കാളി നിഗ്രഹിക്കുമെന്ന് ശിവൻ നാരദരെ അറിയിച്ചു. തുടർന്ന് ദാരികൻ രംഗ പ്രവേശം ചെയ്തു. കാളിയെ പോരിനു വിളിക്കുന്നതോടെയാണ് മുടിയേ​റ്റിന്റെ ആരംഭം. ദീർഘമായ യുദ്ധത്തിന് ശേഷം കാളി, ദാരികനെ വധിക്കുന്നതോടെ മുടിയേ​റ്റ് സമാപിക്കും. ഇന്നും നാളെയും രാവിലെ 5 ന് ഗണപതി ഹോമം, വൈകിട്ട് 7ന് കളമെഴുത്തുപാട്ട്, വിൽപ്പാട്ട്‌.