പാലാ : എലിക്കുളം ഗ്രാമപഞ്ചായത്തും, കൃഷിഭവനും, തളിർപച്ചക്കറി ഉല്പാദക സംഘവുമായി ചേർന്ന്
സംഘടിപ്പിച്ച കുരുവിക്കൂട് നാട്ടുചന്തയിലെ ലേലത്തിൽ കണ്ടത് സ്ത്രീകൾ സമൂഹത്തിലെ
മുഖ്യധാരയിലേക്കെത്തിയതിന്റെ നേർക്കാഴ്ച. വർഷങ്ങളായി പശുവളർത്തലും, ആടുവളർത്തലുമൊക്കെയായി വീട്ടിലും തൊടിയിലും ഒതുങ്ങിക്കഴിഞ്ഞ എലിക്കുളം പുളിമൂട്ടിൽ ത്രേസ്യാമ്മ ജോസഫ് എന്ന 65 കാരിയാണ് തന്റെ മുട്ടനാടുമായി ലേലം വിളിക്കെത്തിയത്. വളർത്തു മൃഗങ്ങളോ, പക്ഷികളോ, പഴം, പച്ചക്കറികളോ എന്തുമാവട്ടെ നാട്ടു ചന്തയിൽ മാന്യമായ വില ലഭിക്കുമെന്ന തിരിച്ചറിവാണ് മുട്ടനാടുമായി നാട്ടുചന്തയിലെത്താൻ പ്രേരണയായതെന്ന് ത്രേസ്യാമ്മ പറഞ്ഞു.
ആടുമായി നാട്ടുചന്തയിൽ ത്രേസ്യാമ്മ എത്തിയപ്പോഴേക്കും, സമീപവാസിയും കൂട്ടുകാരിയുമായ ത്രേസ്യാമ്മ മാത്യുവും എത്തി. കേട്ടറിഞ്ഞ ലേലം വിളി നേരിൽ കാണാനാണ് ഇവർ എത്തിയത്. ലേലം മൂത്തുമുറുകിയതോടെ ഇളങ്ങുളം മേനാംതുണ്ടത്തിൽ ദേവസ്യാച്ചൻ ആടിനെ മോഹവിലയ്ക്ക് സ്വന്തമാക്കി. ആടിന് പ്രതീക്ഷിച്ചതിലും വില കിട്ടിയപ്പോൾ ത്രേസ്യമ്മയ്ക്കും, ലേലം വിളി നേരിൽ കണ്ട സന്തോഷം കൂട്ടുകാരിയ്ക്കും. എന്തായാലും അടുത്ത വ്യാഴാഴ്ചയും നാട്ടുചന്തയിൽ കാണാമെന്ന് പറഞ്ഞുറപ്പിച്ചാണ് ഇരു ത്രേസ്യാമ്മമാരും പിരിഞ്ഞത്. ഉദ്ഘാടന നാൾ മുതൽ കുരുവിക്കൂട് നാട്ടുചന്തയിലെ ലേലം വിളി പ്രശസ്തമാണ്. ഉദ്ഘാടന ദിവസം കാസർകോട് കുള്ളൻ പശുവിനെ ലേലം വിളിച്ചത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലായിരുന്നു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗല ദേവിയും വൈസ് പ്രസിഡന്റ് മാത്തു ക്കുട്ടി ആനിത്തോട്ടവും വാശിയോടെ വിളിച്ച ലേലം വിളിയിൽ വിജയം സുമംഗലയ്ക്കായിരുന്നു.പിന്നീട് നാട്ടുചന്തയിൽ ലേലം വിളിക്കെത്തിയ മാണി.സി.കാപ്പൻ എം.എൽ.എ സ്വന്തമാക്കിയത് ഒരു മുട്ടനാടിനെ. ഇന്നലെ നടന്ന ലേലം വിളിക്ക് എലിക്കുളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട് നേതൃത്വം നല്കി. തളിർ പച്ചക്കറി ഉല്പാദക സംഘം പ്രസിഡന്റ് ബേബി വെച്ചൂർ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ,സാവിച്ചൻ പാംപ്ലാനിയിൽ, രാജു അമ്പലത്തറ, ജിബിൻ വെട്ടം, മോഹനകുമാർ കുന്നപ്പള്ളി കരോട്ട്, വിൽസൺ പാമ്പൂരിയ്ക്കൽ, അനിൽകുമാർ മഞ്ചക്കുഴിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടുചന്തപ്രവർത്തിക്കുന്നത്.