പാലാ : മുനിസിപ്പൽ സ്റ്റേഡിയത്തിലെ നീന്തൽക്കുളം പരിശീലനത്തിനായി ഉടൻ തുറന്ന് കൊടുക്കണമെന്ന് ബി.ഡി.ജെ.എസ് പാലാ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ നിമ്മിച്ചിരിക്കുന്ന പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിലെ നീന്തൽക്കുളം അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നതിന് പര്യാപ്തമല്ലാതെ നിരവധി ന്യൂനതകളുണ്ട്. കോടികൾ മുടക്കി നിർമ്മിച്ച നീന്തൽക്കുളം ഉപയോഗപ്രദമാക്കി കുട്ടികളുടെ പരിശീലനത്തിന് തുറന്നുനൽകണമെന്നും അല്ലാത്തപക്ഷം ഇതൊരു വോളിബാൾ ഇൻഡോർ സ്റ്റേഡിയമാ ക്കണമെന്നും ബി.ഡി.ജെ.എസ് മാണി. സി. കാപ്പൻ എം.എൽ.എയ്ക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
സജി മൂന്നിലവ്, സന്തോഷ് എം പാറയിൽ, വിജയൻ വാഴയിൽ, ശിവദാസ് മുത്തോലി, ശശിധരൻ നീലൂർ എന്നിവർ ചേർന്നാണ് എം.എൽ.എയ്ക്ക് നിവേദനം നൽകിയത്. വകുപ്പു മന്ത്രിയുമായി തീരുമാനിച്ച് ഉടൻ നടപടി ഉണ്ടാകുമെന്ന് എം.എൽ.എ ഉറപ്പു നൽകിയതായി ബി.ഡി.ജെ.എസ് നിയോജകമണ്ഡലം ആക്ടിംഗ് പ്രസിഡന്റ് കെ.കെ. ഷാജി പാലാ പറഞ്ഞു.