ചങ്ങനാശേരി : വേനൽ കടുത്താലും ഇത്തവണ നെടുംകുന്നംകാർ‌ക്ക് നോ-ടെൻഷൻ. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി 26 ശുദ്ധജലവിതരണ പദ്ധതികളുള്ളപ്പോൾ തങ്ങൾ എന്തിന് പേടിക്കണമെന്നാണ് ഇവരുടെ ചോദ്യം. ഒരിറ്റ് വെള്ളത്തിനായി മുൻകാലങ്ങളിൽ ഇവർ ഏറെ ബുദ്ധിമുട്ടിയിരുന്നു. വേനൽക്കാലത്ത് 80 ശതമാനത്തോളം കുടുംബങ്ങളും വിലകൊടുത്ത് വെള്ളം വാങ്ങുന്നവരായിരുന്നു. കുടിവെള്ള പദ്ധതികൾ പൂർത്തിയാക്കിയതോടെ ഇക്കുറി വേനലിനെ പ്രതിരോധിക്കാൻ കഴിയുമെന്നാണ് പഞ്ചായത്തിന്റ കണക്കുകൂട്ടൽ. ജലനിധി പദ്ധതിയിൽ ഉൾപ്പെടുത്തി 15 വാർഡുകളിലായാണ് പദ്ധതി നടപ്പാക്കിയത്. ഇതോടെ സമ്പൂർണ കുടിവെള്ള വിതരണ പഞ്ചായത്താകാൻ നെടുംകുന്നത്തിനായി. മൂന്നു വർഷം കൊണ്ട് എട്ടുകോടി രൂപ മുടക്കിയാണ് പദ്ധതി പൂർത്തിയാക്കിയത്.

പദ്ധതിയിൽ : 1762 കുടുംബങ്ങൾ

പദ്ധതി ചെലവ് : 8 കോടി

6 തടയണകൾ 125 ജലസംഭരണികൾ

ജലനിധിയുടെ ഭാഗമായി പഞ്ചായത്തിലെ വിവിധ തോടുകളിലായി ആറ് തടയണകളാണ് നിർമ്മിച്ചത്. തുണി കഴുകാനും, കുളിക്കാനും തടയണകളെ ആശ്രയിക്കാം. 125 ഗുണഭോക്താക്കൾക്കാണ് പദ്ധതിയിൽ ഉൾപ്പെടുത്തി മഴവെള്ള സംഭരണികൾ നിർമ്മിച്ച് നൽകിയത്. നാലായിരം രൂപയാണ് ഒരു ഗുണഭോക്താവ് മഴവെള്ള സംഭരണിക്കായി മുടക്കിയത്.

വിജയകരമായ പദ്ധതികൾ

ഉയർന്ന പ്രദേശങ്ങളിലടക്കം വെള്ളം എത്തിക്കാകാനാകുമോ എന്നതായിരുന്നു ആശങ്ക. എന്നാൽ 90 ശതമാനം പദ്ധതികളും വിജയമായി. ചെറിയ പാളിച്ചകൾ പരിഹരിക്കുന്നതിലൂടെ എല്ലാ പദ്ധതികളും പൂർണമായി വിജയകരമാകുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. വാർഡ് സമിതികളുടെ നേതൃത്വത്തിൽ പദ്ധതികളുടെ പ്രവർത്തനം വിലയിരുത്തുന്നുണ്ട്. പ്രവർത്തനം ആരംഭിച്ച ശേഷവും നിരവധിപ്പേരാണ് പദ്ധതിയുടെ ഭാഗമാകുന്നത്. സമീപ പഞ്ചായത്തുകളിലെ പല കുടിവെള്ള വിതരണ പദ്ധതികളും പാതിവഴിയിൽ ഇഴയുമ്പോൾ ഏറ്റെടുത്ത പദ്ധതികൾ ചുരുങ്ങിയകാലം കൊണ്ട് പൂർത്തിയാക്കിയ നെടുംകുന്നം മാതൃകയാണ്.