കോട്ടയം: മനുഷ്യമുഖമുള്ള സുപ്രധാന വിധിന്യായങ്ങൾ പുറപ്പെടുവിച്ച് ശ്രദ്ധേയനായ സുപ്രീം കോടതി മുൻ ജഡ്ജി കെ. ടി. തോമസ് 84ന്റെ പടികൾ കയറി ആയിരം സൂര്യ ചന്ദ്രന്മാരെ ദർശിച്ചു.

'ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ അമ്മ പ്രസവിച്ചത് തന്റെ കുറ്റമല്ലെ"ന്നാണ് ഇന്നലെ ബേക്കർ വിദ്യാപീഠം സ്കൂളിൽ ഗാന്ധി രക്തസാക്ഷി ദിന ചടങ്ങിൽ പങ്കെടുക്കുന്നതിനിടയിൽ സ്വാഗത പ്രസംഗകൻ പിറന്നാൾ വിവരം പുറത്തുവിട്ടപ്പോൾ കെ. ടി. തോമസ് സരസമായി പ്രതികരിച്ചത്. തുടർന്ന് അദ്ദേഹം കുട്ടികൾക്കൊപ്പം കേക്ക് മുറിച്ചു. സുപ്രീം കോടതിയിൽ നിന്ന് റിട്ടയർ ചെയ്ത് കോട്ടയത്ത് എത്തിയ കാലം മുതൽ മുട്ടമ്പലം ശാന്തിഭവനിലെ അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് പിറന്നാൾ ആഘോഷിക്കുന്നത്.

1937 ജനുവരി 30 നായിരുന്നു ജനനം. 2002ൽ സുപ്രീംകോടതിയിൽ നിന്ന് വിരമിച്ചെങ്കിലും നിയമരംഗവുമായി ബന്ധപ്പെട്ട് ഇന്നും കെ. ടി. തോമസിന്റെ അഭിപ്രായങ്ങൾക്ക് വലിയ പ്രാമുഖ്യമുണ്ട്. വധശിക്ഷയ്ക്ക് എന്നും എതിരാണ് അദ്ദേഹം. സുപ്രീം കോടതി നിയോഗിച്ച മുല്ലപ്പെരിയാർ ഉന്നതാധികാരസമിതി അംഗമായിരുന്നപ്പോൾ ഡാം പൊട്ടില്ല എന്ന് അഭിപ്രായപ്പെട്ടത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കി. ചർച്ച് ആക്ട് തയ്യാറാക്കാൻ സംസ്ഥാന സർക്കാർ ചുമതലപ്പെടുത്തിയ കെ.ടി തോമസിന്റെ കണ്ടെത്തലുകൾ ക്രൈസ്തവ സഭയുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തി. അപ്പോഴൊക്കെ നിലപാടിൽ ഉറച്ചു നിൽക്കാനുള്ള ആർജവം അദ്ദേഹം കാണിച്ചു. പൊതുമുതൽ നശിപ്പിക്കുന്നവർക്ക് ജാമ്യം കിട്ടണമെങ്കിൽ നശിപ്പിച്ച മുതലിന്റെ അത്രയും തുക കെട്ടിവയ്ക്കണമെന്ന നിയമം വന്നത് ജസ്റ്റിസ് കെ. ടി. തോമസ് ചെയർമാനായി രൂപീകരിച്ച കമ്മിഷന്റെ ശുപാർശപ്രകാരമാണ്. രാജീവ് ഗാന്ധി വധക്കേസിലെ നിർണായക വിധിയും ജയിലിൽ ജോലി ചെയ്യുന്ന തടവുകാർക്ക് മാനുഷിക പരിഗണനയും മിനിമം വേതനവും നൽകണമെന്ന വിധിയും കെ. ടി. തോമസിന്റെ നിയമ രംഗത്തെ മറ്റ് നാഴികക്കല്ലുകളാണ്.

1960ൽ അഭിഭാഷകനായി എൻറോൾ ചെയ്ത തോമസ് 77ൽ കോട്ടയം ജില്ലാ സെഷൻസ് ജഡ്ജിയായി . 1985ൽ ഹൈക്കോടതി ജഡ്ജിയും, 95ൽ ആക്ടിംഗ് ചീഫ് ജസ്റ്റിസും. 1996ൽ സുപ്രീംകോടതി ജഡ്ജിയായി. 2002ലാണ് വിരമിച്ചത്. 2006ൽ രാഷ്ട്രം പത്മഭൂഷൺ നൽകി ആദരിച്ചു.