പൊൻകുന്നം : ഇന്ത്യൻ കോഫിഹൗസിൽ വർക്കറായി നിയമനം ലഭിച്ച സുബിതാ ബിനോയി ആദ്യമായി ജോലിക്കെത്തിയപ്പോൾ ലഭിച്ച സ്വീകരണം കണ്ട് ഒന്ന് അമ്പരന്നു. പൂച്ചെണ്ട് നൽകി സ്വീകരിച്ചത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാശ്രീധർ. പിന്നാലെ കോഫീഹൗസ് ജീവനക്കാരുടേയും മാനേജ്‌മെന്റിന്റേയും സ്വീകരണം. ജില്ലയിൽ കോഫിഹൗസിൽ നിയമനം നേടുന്ന ആദ്യവനിത എന്നതിനപ്പുറം ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗം കൂടിയാണ് സുബിത. ഇതുമാത്രമല്ല സുബിതയ്ക്ക് ഹൃദ്യമായ സ്വീകരണം കിട്ടാൻ കാരണം.
ഭർത്താവ് ബിനോയ് ഇതേ സ്ഥാപനത്തിലെ ജീവനക്കാരനാണ്. സഹപ്രവർത്തകന്റെ ഭാര്യയ്ക്ക് ജീവനക്കാർ ഒരുക്കിയത് ഗംഭീര സ്വീകരണം. ചിറക്കടവ് ഗ്രാമപഞ്ചായത്ത് ആറാംവാർഡംഗമാണ് സുബിത. കോഫിഹൗസിൽ ജോലിയുള്ളവരുടെ ആശ്രിതരിൽ ഒരാൾക്ക് നിയമനത്തിന് അർഹതയുണ്ടെന്ന കോടതി വിധിയുടെ അടിസ്ഥാനത്തിൽ ജില്ലയിൽ നിയമനം നേടിയ അഞ്ചുപേരിൽ ആദ്യം ജോലിയിൽ പ്രവേശിച്ചത് സുബിതയാണ്. പൊൻകുന്നത്തെ കോഫി ഹൗസിൽ ജോലി ചെയ്യുന്ന ഭർത്താവ് ബിനോയി മാത്രമല്ല കുടുംബാംഗങ്ങളിൽ പലരും ഈ സ്ഥാപനത്തിന്റെ വിവിധ ശാഖകളിൽ ജീവനക്കാരാണ്.
പൊൻകുന്നം ശാഖയിൽ രണ്ട് വനിതകൾക്കാണ് നിയമനം നൽകുന്നത്. മറ്റൊരാൾ വെള്ളൂർ പുളിമൂട് വീട്ടിൽ സന്ധ്യാമോളാണ്. ഇവർ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കും. ആദ്യ 6 മാസം ട്രെയിനി ആയാണ് നിയമനം. തുടർന്ന് ഒരു വർഷം പ്രൊബേഷൻ കാലയളവ്. സ്‌കൈ ബ്ലൂ ചുരിദാർ, കാപ്പിപ്പൊടി നിറമുള്ള കോട്ടുമാണ് വേഷം. ഒപ്പം തലയിൽ തൊപ്പിയും. ആദ്യഘട്ടം അടുക്കളയിൽ ആണ് നിയമനം. പിന്നീട് മറ്റ് ജോലികൾ ചെയ്യും. ജോലിയിലെ മികവ് അനുസരിച്ച് ആണ് നിയമന മേഖല തിരഞ്ഞെടുക്കുന്നത്.