കാഞ്ഞിരപ്പള്ളി: രൂപതാദ്ധ്യക്ഷനായി നിയമിതനായ മാർ ജോസ് പുളിക്കലിന്റെ സ്ഥാനമേൽപ്പിക്കൽ ശുശ്രൂഷകൾക്ക് കാഞ്ഞിരപ്പള്ളി രൂപത ഒരുങ്ങി. ഫെബ്രുവരി 3 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്‌സ് കത്തീദ്രലിൽ സ്ഥാനാരോഹണ ചടങ്ങുകൾ രാവിലെ 10.15ന് ആരംഭിക്കും. സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമ്മികത്വം വഹിക്കും. ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, മാർ മാത്യു അറയ്ക്കൽ എന്നിവർ സഹകാർമ്മികരാകും. കെ.സി.ബി.സി.വൈസ് പ്രസിഡന്റ് ബിഷപ് റൈറ്റ് റവ. ഡോ. വർഗീസ് ചക്കാലയ്ക്കൽ വചനസന്ദേശം നൽകും

രൂപതാദ്ധ്യക്ഷസ്ഥാനത്തുനിന്ന് വിരമിക്കുന്ന ബിഷപ് മാർ മാത്യു അറയ്ക്കലിന് ആദരവ് അർപ്പിക്കുന്ന സമ്മേളനം ഉച്ചകഴിഞ്ഞ് 2.30ന് കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നടക്കും. സീറോ മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച്ബിഷപ് ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്കാ ബാവ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. പാല രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് മുഖ്യപ്രഭാഷണം നടത്തും. ബിഷപ് മാർ ജോസ് പുളിക്കൽ സ്വാഗതമാശംസിക്കും. സമ്മേളനത്തിൽ മാർ മാത്യു അറയ്ക്കലിന് രൂപതയുടെ മംഗളപത്രം വികാരി ജനറാൾമാരായ മോൺ.ജോർജ് ആലുങ്കൽ, ഫാ. ജസ്റ്റിൻ പഴേപറമ്പിൽ എന്നിവർ ചേർന്ന് സമർപ്പിക്കും. മാർ മാത്യു അറയ്ക്കലിന് പൗരാവലി നൽകുന്ന ജനകീയ ആദരവ് മാർച്ച് 1ന് വൈകിട്ട് 4.00ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ വിവിധ സാമൂഹ്യ മത രാഷ്ട്രീയ സാംസ്‌കാരിക മേഖലയിലുള്ളവരുടെയും സുഹൃത്തുക്കളുടെയും അഭ്യുദയകാംഷികളുടെയും പങ്കാളിത്തത്തോടെ കാഞ്ഞിരപ്പള്ളിയിൽ നടക്കും.