കോട്ടയം : ടൂറിസം വികസനം, റബർ ഉത്തേജന പാക്കേജ്, റെയിൽവേ വികസനം കേന്ദ്രബഡ്ജറ്റിൽ കണ്ണുംനട്ടിരിക്കുകയാണ് കോട്ടയം. കഴിഞ്ഞ വർഷത്തെ പോലെ നക്കാപിച്ച തന്ന് പറ്റിക്കല്ലേയെന്നാണ് ജില്ലയ്ക്ക് പറയാനുള്ളത്. കുമരകം, ഇല്ലിക്കല്ല് അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്താനുള്ള പദ്ധതികൾ വേണം. കുമരകത്തിന് പ്രത്യേക ടൂറിസം പാക്കേജും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കുമരകത്തിന്റെ വികസനത്തിന് അൽഫോൻസ് കണ്ണന്താനം പ്രഖ്യാപിച്ച നൂറുകോടി രൂപയുടെ പദ്ധതി പാഴ്വാക്കായതിൽ നിരാശയുണ്ട്.

 വില കൂടാൻ റബർ

റബർ വിലയിടിവിനെ തുടർന്ന് ഭൂരിഭാഗം പേരും കൃഷി ഉപേക്ഷിച്ച് ഉത്പാദനം 30 ശതമാനം കുറഞ്ഞ സാഹചര്യത്തിൽ 200 രൂപ തറവില വേണമെന്ന ആവശ്യം നടപ്പാകുമോയെന്നാണ് ഉറ്റുനോക്കുന്നത്. പ്രത്യേക റബർനയം, റബർബോർഡിനുള്ള വിഹിതം വർദ്ധിപ്പിക്കൽ എന്നിവയും പ്രതീക്ഷിക്കുന്നുണ്ട്. നികുതി വർദ്ധിപ്പിച്ച് ഇറക്കുമതി കുറച്ചാൽ ഉത്പാദന കുറവ് പറഞ്ഞ് വ്യവസായികൾക്ക് കൂടുതൽ റബർ ഇറക്കുമതി ചെയ്യാൻ അവസരം ലഭിക്കില്ല.

 റെയിൽവേ വികസനം

ശബരി പദ്ധതി ഉപേക്ഷിക്കപ്പെട്ടപ്പോൾ റെയിൽവേയുടെ വികസനമാണ് മറ്റൊരു പ്രതീക്ഷ. കോട്ടയം വഴി കൂടുതൽ ട്രെയിനുകൾ, റെയിൽവേ സ്റ്റേഷനുകൾക്ക് പുതിയ പദ്ധതികൾ എന്നിവയും പ്രതീക്ഷിക്കുന്നു