പാലാ: കെ.എം. മാണിയുടെ ഓർമ്മ നിലനിറുത്തുന്നതിനായി യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന അഖില കേരള വോളിബോൾ ടൂർണമെന്റ് നാളെ മുതൽ 9 വരെ പാലാ മുനിസിപ്പൽ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. കെ.എസ്.ഇ.ബി തിരുവനന്തപുരം, കേരള പൊലീസ്, സർവീസസ്, ഇന്ത്യൻ നേവി, പാലാ സെന്റ് തോമസ് കോളേജ്, ന്യൂ സ്റ്റാർ ഇടുക്കി, എവർ ഷൈൻ പാദുവ തുടങ്ങി എട്ടു ടീമുകൾ മത്സരിക്കും.
ജേതാക്കൾക്ക് യൂത്ത് ഫ്രണ്ട് പാലാ നിയോജക മണ്ഡലം ഏർപ്പെടുത്തിയ കെ.എം. മാണി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 50,000 രൂപാ ക്യാഷ് അവാർഡും , രണ്ടാം സ്ഥാനക്കാർക്ക് എം.ജെ. തോമസ് മാടപ്പാട്ട് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും 30,000 രൂപാ ക്യാഷ് അവാർഡും സമ്മാനിക്കും. വൈകിട്ട് ഏഴിന് മത്സരങ്ങൾ ആരംഭിക്കും. പ്രവേശനം സൗജന്യം. ഏഴാം തീയതി വനിതാ ടീമുകളായ അൽഫോൻസാ കോളേജ് പാലായും അസംപ്ഷൻ കോളേജ് ചങ്ങനാശേരിയും തമ്മിലുള്ള പ്രദർശന മത്സരവും നടക്കും.
നാളെ വൈകിട്ട് 7ന് തോമസ് ചാഴികാടൻ എം.പി. ടൂർണമെന്റും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ സമ്മേളനവും ഉദ്ഘാടനം ചെയ്യും. യൂത്ത് ഫ്രണ്ട് നിയോജകമണ്ഡലം പ്രസിഡന്റും ടൂർണമെന്റ് ജനറൽ കൺവീനറുമായ കുഞ്ഞുമോൻ മാടപ്പാട്ട് അദ്ധ്യക്ഷനാകും. വിജയികൾക്ക് ജോസ് കെ. മാണി എം.പി സമ്മാനം നൽകും. വിവിധ ദിവസങ്ങളിൽ എം.എൽ.എമാരായ റോഷി അഗസ്റ്റിൻ, എൻ ജയരാജ്, പാലാ ആർ.ഡി.ഒ. പ്രദീപ്കുമാർ ജി,പാലാ ഡിവൈ.എസ്.പി ഷാജിമോൻ ജോസഫ്, അർജുന അവാർഡ് ജേതാവ് ടോം ജോസ്, ഇന്ത്യൻ വോളിബോൾ ടീം മുൻ ക്യാപ്ടൻമാരായ ബിബിൻ എം. ജോർജ്, രാജ് വിനോദ് പി തുടങ്ങിയവർ വിശിഷ്ടാതിഥികളാകും.
ടൂർണമെന്റ് പ്രചരാണാർത്ഥം ഇന്ന് വൈകിട്ട് 5ന് കെ.എം. മാണിയുടെ കബറിടത്തിൽ നിന്നും മുൻസിപ്പൽ സ്റ്റേഡിയത്തിലേക്ക് ദീപശിഖ പ്രയാണം നടത്തും.