കടുത്തുരുത്തി: കടുത്തുരുത്തി സെന്റ് മേരിസ് ഫൊറോന പള്ളിയിൽ (വലിയപള്ളി) മൂന്നുനോമ്പാചരണവും ഇടവക മദ്ധ്യസ്ഥയായ മുത്തിയമ്മയുടെ ദർശനതിരുനാളും ഫെബ്രുവരി 2 മുതൽ 6 വരെ തീയതികളിൽ നടത്തും. തിരുനാളിനോടനുബന്ധിച്ച് കടുത്തുരുത്തി ദേവാലയത്തെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തും.
കടുത്തുരുത്തി വലിയ പള്ളിയിലെ പ്രധാന തിരുനാളാണ് മൂന്നു നോമ്പു തിരുനാൾ. ആത്മീയ ശുശ്രൂഷകളോടൊപ്പം മുത്തിയമ്മയ്ക്ക് അടിമവയ്ക്കുക, മുത്തിയമ്മയുടെ തിരുമുടി എഴുന്നള്ളിച്ച് കാഴ്ച വയ്ക്കുക തുടങ്ങിയവയാണ് പ്രധാന ചടങ്ങുകൾ. ഫെബ്രുവരി 2 രാവിലെ 7ന് വികാരി ഫാ. എബ്രാഹം പറമ്പേട്ട് കൊടിയേറ്റുന്നതോടെ തിരുനാളാഘോഷങ്ങൾക്ക് തുടക്കമാകും. ഫെബ്രുവരി 23 രാവിലെ 7ന് കോട്ടയം അതിരൂപതയിലെ നവവൈദികരുടെ കാർമ്മികത്വത്തിൽ സമൂഹബലി. ചൊവ്വാഴ്ച രാവിലെ 6.30 ന് ഫാ. ജോസഫ് കീഴങ്ങാട്ടിന്റെ കാർമ്മികത്വത്തിൽ വിശുദ്ധകുർബാന. രാത്രി 7.30 ന് പള്ളിയിലേക്ക് നടത്തുന്ന പ്രദക്ഷിണത്തിനുശേഷം രാത്രി 9 ന് കടുത്തുരുത്തി ദേവാലയത്തെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദൈവാലയ പദവിയിലേക്ക് ഉയർത്തിക്കൊണ്ടുള്ള പ്രഖ്യാപനം മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി നടത്തും. തുടർന്ന് ചരിത്ര പ്രസിദ്ധമായ പുറത്തുനമസ്‌ക്കാരവും നടത്തും. കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കും. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ, പുതുവേലി പള്ളി വികാരി ഫാ. മൈക്കിൾ നെടുന്തുരുത്തിപുത്തൻപുരയിൽ എന്നിവർ സഹകാർമ്മികത്വം വഹിക്കും. 5ന് രാവിലെ 10 ന് ആഘോഷമായ തിരുനാൾ റാസ നടത്തും. ഫാ. ബിനീഷ് മാങ്കോട്ടിൽ മുഖ്യകാർമ്മികത്വം വഹിക്കും. 6 രാവിലെ 7 മണിക്ക് മരിച്ചവിശ്വാസികൾക്കായുള്ള പ്രത്യേക പ്രാർത്ഥനയും സെമിത്തേരി സന്ദർശനവും നടത്തും. സീറോ മലബാർ മെത്രാൻ സിനഡാണ് കടുത്തുരുത്തി വലിയ പള്ളിയെ മേജർ ആർക്കി എപ്പിസ്‌കോപ്പൽ ദേവാലയമായി ഉയർത്തിയത്.