പാലാ: വലിയപാലത്തിനടിയിലെ പെരുന്തേനീച്ച കൂടിളകി. സ്ത്രീകൾ ഉൾപ്പെടെ ഇരുപതോളം പേർക്ക് കുത്തേറ്റു. 13 പേർ പാലാ ജനറൽ ആശുപത്രിയിലും 5 പേർ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ദേഹമാസകലം കുത്തേറ്റ് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികന്റെ ബോധം മറഞ്ഞത് പരിഭ്രാന്തി പരത്തി.
ഇന്നലെ രാവിെലെ 11 മണിയോടെയായിരുന്നു സംഭവം. ആറിന് അക്കരെ ടാക്‌സി സ്റ്റാൻഡിനോട് ചേർന്നുള്ള പാലത്തിന്റെ അടിഭാഗത്തുള്ള പെരുന്തേനീച്ച കൂടാണ് ഇളകിയത്. ഈ സമയം ഇതുവഴി കാൽനടയായി എത്തിയവർക്കും ബസു കാത്തു നിന്നവർക്കുമൊക്കെ കുത്തേറ്റു. പാലാ കൂനാനി കുന്നേൽ ലക്ഷ്മണന്റെ (65) തലയിലും കയ്യിലും മുഖത്തുമായി ഏഴോളം കുത്തേറ്റു. ഉടൻ തൊട്ടടുത്തുള്ള ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെട്ടെന്ന് ഇദ്ദേഹത്തിന്റെ ബോധം മറഞ്ഞു. മറ്റ് അസുഖങ്ങൾ കൂടി ഉള്ളതിനാലാണ് ലക്ഷ്മണന് പെരുംതേനീച്ചയുടെ കുത്തേറ്റപ്പോൾ കൂടുതൽ അവശതയുണ്ടായതെന്ന് പാലാ ജനറൽ ആശുപത്രി സുപ്രണ്ട് ഡോ. അഞ്ജു. സി .മാത്യൂ , ആർ.എം.ഒ. ഡോ. അനീഷ്. കെ. ഭദ്രൻ എന്നിവർ പറഞ്ഞു. വാഴേമഠം ഭാഗത്ത് വലിയപറമ്പിൽ ഷീനയ്ക്ക് (53) അഞ്ച് കുത്തുകളേറ്റു. പാലാ സ്വദേശികളായ, റോസ്‌മരിയ (28), ശ്രീജേഷ് (19), ശാന്ത (52), ശ്രീഹരി (17), ജിസ്‌മോൻ (28), മേഴ്‌സി (38), ജ്യോതിഷ് (26),ടോം ജോസ് (36), അരുൺ ജോസ് 35 ), അഖിൽ (32), മനോജ് (49) എന്നിവരെയാണ് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലക്ഷ്മണൻ ഒഴികയുള്ളവരെ പ്രഥമ ശുശ്രൂഷകൾക്ക് ശേഷം വിട്ടയച്ചു.