പാലാ: വലിയപാലത്തിനടിയിലെ പെരുന്തേനീച്ച കൂടിളകി നിരവധി പേർക്ക് കുത്തേറ്റത് നാട്ടുകാരെ ആശങ്കയിലാക്കി. ചൂട് ക്രമാതീതമായി വർദ്ധിച്ചതോടെയാണ് ആണ് പെരുംതേനീച്ച കൂടുകളിളകിപറക്കുന്നെന്ന് പരിസ്ഥിതി പ്രവർത്തകർ പറയുന്നു. പരുന്തും കാക്കയും കൊത്തിയും കൂടുകളിളകാറുണ്ട്. കഴിഞ്ഞ വർഷം ഒരു പതിയിലെ പെരുന്തേനീച്ച കൂടിളകി പത്തോളം പേർക്ക് കുത്തേറ്റിരുന്നു. പെരുന്തേനീച്ച ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കാൻ പാലാ മുൻസിപ്പൽ ചെയർപെഴ്‌സൺ മേരി ഡൊമിനിക്, വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻ, കൗൺസിലർ ടോമി തറക്കുന്നേൽ എന്നിവർ ജനറൽ ആശുപത്രിയിൽ എത്തിയിരുന്നു. പാലത്തിലും സമീപപ്രദേശങ്ങളിലുമുള്ള പെരുന്തേനീച്ച കൂടുകൾ നശിപ്പിക്കാൻ അടിയന്തിര നടപടി സ്വീകരിച്ചിട്ടുണ്ടന്ന് നഗര ഭരണാധികാരികൾ പറഞ്ഞു. കഴിഞ്ഞ ദിവസം ജനറൽ ആശുപത്രി മന്ദിരത്തിലുണ്ടായിരുന്ന പെരുന്തേനീച്ച കൂടിളകി ഒരു ഗർഭിണിക്ക് കുത്തേറ്റിരുന്നു. തുടർന്ന് പെരുന്തേനീച്ചകളെ മയക്കി തുരത്തുന്നതിൽ വിദഗ്ദ്ധനായ മൂഴിയാങ്കൽ ജോഷിയെത്തി ആശുപത്രി മന്ദിരത്തിലെ പെരുന്തേനീച്ചക്കൂടുകൾ നീക്കം ചെയ്തിരുന്നു. വലിയപാലത്തിനടിയിലെ പെരുംതേനീച്ചക്കൂടുകൾ നശിപ്പിക്കാനും ജോഷിയുടെ സഹായമാണ് നഗര ഭരണാധികാരികളും തേടിയത്.
കഴിഞ്ഞ ദിവസം ജനറൽ ആശുപത്രി മന്ദിരത്തിലേത് ഉൾപ്പെടെ പാലായിലും പരിസര പ്രദേശങ്ങളിലുമായുള്ള ഏഴോളം പെരുന്തേനീച്ച കൂടുകൾ ഇളകിയിരുന്നു. വലിയ പാലത്തിൽ മാത്രം മൂന്ന് കൂടുകളാണുള്ളത്. ഇവയിൽ ഒരെണ്ണമാണ് ഇന്നലെ ഇളകിയത്. പരുന്തും കാക്കയും കൊത്തിയും കൂടുകളിളകാറുണ്ട്. കഴിഞ്ഞ വർഷം ഒരു പതിയിലെ പെരുന്തേനീച്ച കൂടിളകി പത്തോളം പേർക്ക് കുത്തേറ്റിരുന്നു.
മൂളിപ്പറന്നു വന്നു, ഓടിച്ചിട്ടു കുത്തി.....
'എന്തോ ഇരമ്പി ആർക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കി. 'പെരുന്തേനീച്ച കൂടിളകി ഓടിക്കോ' എന്ന് തൊട്ടടുത്ത ടാക്‌സി സ്റ്റാൻഡിലെ ഡ്രൈവർമാർ വിളിച്ചു പറഞ്ഞു. മുന്നോട്ട് വേഗതയിൽ നടക്കാൻ തുടങ്ങിയപ്പോഴേക്കും തലങ്ങും വിലങ്ങും കുത്തു കിട്ടി. പാലത്തിനിക്കരയിലെ ഒരു കടയിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു. അപ്പോഴേക്കും അവശയായി. ഉടൻ ജനറൽ ആശുപത്രിയിലേക്ക് ചെന്നു.' -- ഷീന, വലിയപറമ്പിൽ (പെരുന്തേനീച്ച ആക്രമണത്തിൽ പരിക്കേറ്റവരിൽ ഒരാൾ)