അടിമാലി: അന്യം നിന്ന്പോകുന്ന ആദിവാസി കൃഷി രീതികളെ പുനരുജ്ജീവിപ്പിക്കാൻ പദ്ധതി വരുന്നു. തനത് കൃഷി രീതികളിൽനിന്ന് വ്യതിചലിച്ചത്മൂലം ജീവിത ശൈലീരോഗങ്ങൾ വ്യാപിക്കുന്നതിന് പരിഹാരം കാണുന്നതിനായി ജനമൈത്രി എക്‌സൈസ്, അടിമാലി പഞ്ചായത്ത്, പട്ടികവർഗ്ഗ വികസന വകുപ്പ്, കൃഷി വകുപ്പുമായി ചേർന്ന് അന്യം നിന്നു പോയിട്ടുള്ള പരമ്പരാഗത കൃഷി പുനരാരംഭിക്കുന്ന വിപുലമായ പദ്ധതി തയ്യാറാക്കുന്നു. ആദ്യഘട്ടമായി അടിമാലി ചിന്നപ്പാറ കുടിയിൽ പത്തേക്കറിൽ റാഗി കൃഷി തുടങ്ങും.തുടർന്ന് മറ്റ് കുടി കളിലേയ്ക്കും ഇത് വ്യാപിപ്പിക്കും.
ഇന്നും നാളയുമായി ചിന്നപ്പാറ കുടിയിലെ കൃഷി ഭൂമി ഒരുക്കൽ ആരംഭിക്കും. കുടിയിലെ നിവാസികളോട് ഒപ്പം തേവര എസ്എച്ച് കോളജിലെ 100 എൻ.സി.സി കേഡറ്റുകളും തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരും പങ്കെടുക്കും. പരമ്പരാഗത കൃഷികളും ഭക്ഷണരീതികളും തിരികെഎത്തുന്നതിലൂടെ ആരോഗ്യ സംരക്ഷണത്തോടൊപ്പം ആദിവാസി ജനവിഭാഗങ്ങൾക്ക് ഒരു വരുമാനമാർഗം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇന്നു നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ ദേവികുളം സബ്കലക്ടർ ശ്രീ പ്രേം കൃഷ്ണൻ, മജീഷ്യൻ ഗോപിനാഥ് മുതുകാട് ,ഊരുമൂപ്പൻ രാജ് മണി ജനപ്രതിനിധികൾ, വിവിധ വകുപ്പ് പ്രതിനിധികൾ പങ്കെടുക്കും.