നിലവിൽ ജില്ലയിൽ ആരും നിരീക്ഷണത്തിലില്ല
കോട്ടയം : സംസ്ഥാനത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. 0481 2304110, 9495088514 എന്നീ നമ്പറുകളിൽ 24 മണിക്കൂറും രോഗം സംബന്ധിച്ച സംശയ നിവാരണത്തിന് സൗകര്യമുണ്ട്. 1056 എന്ന സംസ്ഥാനതലത്തിലുള്ള ഫോൺ നമ്പരിലും വിവരങ്ങൾ ലഭിക്കും. ജില്ലയിൽനിന്ന് ഒരാളുടെ സാമ്പിൾ പരിശോധനയ്ക്ക് അയയ്ക്കുകയും വൈറസ് ബാധിച്ചിട്ടില്ലെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ രോഗലക്ഷണങ്ങൾ സംശയിച്ച് ആരെയും ആശുപത്രികളിൽ നീരീക്ഷണത്തിൽ പാർപ്പിച്ചിട്ടില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ് അറിയിച്ചു.
ചൈനയുൾപ്പെടെ രോഗം റിപ്പോർട്ടു ചെയ്ത മേഖലകളിൽ സന്ദർശനം നടത്തിയശേഷം നാട്ടിലെത്തുന്നവർ നിർബന്ധമായും അതത് പ്രദേശങ്ങളിലെ സർക്കാർ ആശുപത്രികളിൽ പരിശോധനയ്ക്ക് വിധേയരാകണം. ഇവരുടെ യാത്രാ വിശദാംശങ്ങൾ വിലയിരുത്തും.
പരിശോധനയിൽ പനി, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളില്ലാത്തവർക്ക് 28 ദിവസം വീട്ടിൽ തന്നെ കഴിയാനും പൊതുജന സമ്പർക്കം ഒഴിവാക്കാനും കർശന നിർദേശം നൽകും. ഈ കാലയളവിൽ കുടുംബാംഗങ്ങളുമായോ മറ്റുള്ളവരുമായോ അടുത്തിടപഴകുന്നത് ഒഴിവാക്കണം. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചാൽ ഇവരെ ഉടൻ ജില്ലാ ആശുപത്രിയിലേയോ മെഡിക്കൽ കോളേജ് ആശുപത്രിയിലേയോ നിരീക്ഷണ വിഭാഗത്തിലേക്ക് മാറ്റുകയും തൊണ്ടയിലെ സ്രവം പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്യും.
ഐസൊലേഷൻ വാർഡുകൾ
കോട്ടയം മെഡിക്കൽ കോളേജിലും കോട്ടയം ജനറൽ ആശുപത്രിയിലും ഐസൊലേഷൻ വാർഡുകൾ ക്രമീകരിച്ചിട്ടുണ്ട്. കൊറോണ രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽനിന്ന് എത്തുന്നവരിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയാൽ ചികിത്സ നൽകുന്നതിനുള്ള സംവിധാനങ്ങൾ സജ്ജമാണ്. രോഗലക്ഷണങ്ങൾ സംശയിക്കുന്നവർ ജില്ലാ ആശുപത്രിലെ ഡോ. സിന്ധു ജി. നായരെയോ (9447347282), മെഡിക്കൽ കോളേജിലെ ഡോ. സജിത്കുമാറിനെയോ (9447239277) ബന്ധപ്പെടണം.
ആംബുലൻസും അനുബന്ധ സൗകര്യങ്ങളും
രോഗലക്ഷണങ്ങളുള്ളവർക്ക് ആശുപത്രിയിൽ എത്തിച്ചേരുന്നതിന് ആംബുലൻസും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കും. രോഗലക്ഷണങ്ങളുള്ളവർ ഒരു കാരണവശാലും ബസ്, ട്രെയിൻ, ടാക്‌സി, ഓട്ടോ തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കരുത്. ആശുപത്രി ജീവനക്കാർക്കും രോഗികൾക്കും ആവശ്യമായ മാസ്‌കുകൾ, ഉറകൾ, സാനിറ്റൈസറുകൾ തുടങ്ങിയ പ്രതിരോധ ഉപാധികൾ ലഭ്യമാക്കിയിട്ടുണ്ട്. അണുബാധ തടയുന്നതിനും, അണു നശീകരണത്തിലും ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകി. കൊറോണ രോഗ ചികിത്സാ മാനദണ്ഡങ്ങൾ സ്വകാര്യ ആശുപത്രികൾക്കും കൈമാറി. സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കായി നാലിന് കോട്ടയം ഐ. എം.എ ഹാളിൽ പരിശീലനം സംഘടിപ്പിച്ചിട്ടുണ്ട്.
അവധി ഒഴിവാക്കണം
എല്ലാ ആശുപത്രികളിലും രാവിലെ ജോലി ആരംഭിക്കുന്നതിനു മുൻപ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർക്ക് നിർദേശങ്ങൾ നൽകണമെന്നും ആരോഗ്യ വകുപ്പ് ജീവനക്കാർക്ക് അത്യാവശ്യ സാഹചര്യങ്ങളിലൊഴികെ അവധി അനുവദിക്കുന്നതല്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.