കോട്ടയം : ഇന്നലെ ഉച്ചയ്‌ക്ക് മൂന്നരയ്‌ക്ക് തിരുനക്കരയിലെ ബി.എസ്.എൻ.എൽ ഓഫിസിനു മുന്നിൽ തയ്യാറാക്കിയ വേദിയിൽ, യാത്രഅയപ്പ് സമ്മേളനം ആരംഭിക്കുമ്പോൾ വിങ്ങിപ്പൊട്ടി നിൽക്കുകയായിരുന്നു ഓരോ ജീവനക്കാരന്റെയും മനസ്. യാത്ര അയപ്പ് സമ്മേളനം വേദിയിൽ നടക്കുമ്പോൾ കണ്ണീരൊളിപ്പിക്കാൻ പാടുപെടുകയായിരുന്നു ഇന്നലെ ജോലിയിൽ നിന്നും മടങ്ങുന്ന ജീവനക്കാർ. ജില്ലാ കളക്‌ടർ പി.കെ സുധീർ ബാബു യാത്ര അയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്‌ത് മടങ്ങിയതോടെ, തടകെട്ടി നിർത്തിയ കണ്ണീർ അണപൊട്ടി ഒഴുകുകയായിരുന്നു പലരുടെയും. തിരുനക്കരയിലെ ബി.എസ്.എൻ.എൽ ഓഫിസിലെ 54 ജീവനക്കാർ വോളണ്ടറി റിട്ടയർമെന്റ് എടുക്കുന്നതിന്റെ ഭാഗമായി ചേർന്ന യാത്ര അയപ്പ് സമ്മേളനമാണ് കണ്ണീരിൽ കുതിർന്നത്. ഈ 54 പേരടക്കം ജില്ലയിലെ 351 ജീവനക്കാരാണ് ബി.എസ്.എൻ.എല്ലിൽ നിന്നും വോളണ്ടറി റിട്ടയർമെന്റ് എടുത്ത് സർവീസിൽ നിന്നും മടങ്ങിയത്.
സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ബി.എസ്.എൻ.എൽ ജിവനക്കാരോട് വോളണ്ടറി റിട്ടയർമെന്റ് എടുക്കാൻ നിർദേശിച്ചത്. ഇത്തരത്തിൽ വോളണ്ടറി റിട്ടയർമെന്റ് എടുത്തവരിൽ ഏറെപ്പേരും വർഷങ്ങളുടെ പ്രവർത്തി പരിചയം ഉളളവരാണ്. മെക്കാനിക്കൽ വിഭാഗം അടക്കമുള്ള വിഭാഗങ്ങളിൽ ജോലി ചെയ്‌തു പരിചയമുള്ളവരാണ് ഇത്തരത്തിൽ ഇന്നലെ ജോലിയിൽ നിന്നും വിരമിച്ചവർ.
യാത്ര അയപ്പ് സമ്മേളനത്തിന്റെ ഭാഗമായി ചേർന്ന് യോഗത്തിൽ ബി.എസ്.എൻ.എൽ ജനറൽ മാനേജർ സാജു ജോർജ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ജനറൽ മാനേജർ എ.രാജു, ഡിവിഷണൽ എൻജിനീയർ ഹേമലത, പി.ആർ അജയകുമാർ എന്നിവർ പ്രസംഗിച്ചു. സർവീസിൽ നിന്നു വിരമിക്കുന്നവർക്കു വേണ്ടി സാബു യോഹന്നാൻ നന്ദി അർപ്പിച്ചു. യാത്ര അയപ്പ് സമ്മേളനം അവസാനിച്ച ശേഷം ഒത്തു ചേർന്ന ജീവനക്കാർ പരസ്‌പരം പൊട്ടിക്കരയുകയായിരുന്നു.
ജീവനക്കാരുടെ യാത്ര അയപ്പ് സമ്മേളനത്തിന്റെ ഭാഗമായി ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി ശാരീരിക വൈകല്യം നേരിടുന്ന കോട്ടയം സ്വദേശിയായ ലോട്ടറി വിൽപ്പനക്കാരൻ അജന്തേഷിന് മുച്ചക്ര സൈക്കിളും വിതരണം ചെയ്‌തു. കോട്ടയം വിങ്സ് ഓഫ് ചാരിറ്റിയാണ് സൈക്കിൾ സ്‌പോൺസർ ചെയ്‌തത്.
ശമ്പളമില്ലാതെ പത്തുമാസം
കരാർ ജീവനക്കാർ ദുരിതത്തിൽ
2019 ഫെബ്രുവരിയിൽ ശമ്പളം ലഭിച്ച ശേഷം, ഒരു രൂപ പോലും ശമ്പളമായി ലഭിച്ചിട്ടില്ല. കടുത്ത പ്രതിസന്ധിയിൽ മുങ്ങി ബി.എസ്.എൻ.എല്ലിലെ കരാർ ജീവനക്കാർ. ജില്ലയിലെ നാനൂറിലേറെ കരാർ ജീവനക്കാരാണ് പത്തു മാസത്തിലേറെയായി ശമ്പളമില്ലാതെ വിഷമിക്കുന്നത്. 430 രൂപയായിരുന്നു പ്രതിദിനം ശമ്പളമായി ലഭിച്ചിരുന്നത്. എന്നാൽ, പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഒരു രൂപ പോലും ഇവർക്ക് ശമ്പളം ലഭിച്ചിട്ടില്ല. 15 മുതൽ 24 വർഷം വരെ ബി.എസ്.എൻ.എല്ലിൽ ജോലി ചെയ്‌തിരുന്നവരാണ് ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടിലായിരിക്കുന്നത്.