അയ്മനം: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ അയ്മനോത്സവം എന്ന പേരിൽ സംഘടിപ്പിച്ച ത്രിദിന കാർഷികമേളയും ഞാറ്റുവേലച്ചന്തയും സമാപിച്ചു. ഐക്കരച്ചിറ സെന്റ് ജോർജ് പള്ളി പാരിഷ് ഹാളിൽ നടന്ന സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനം ഭക്ഷ്യപൊതുവിതരണവകുപ്പു മന്ത്രി പി.തിലോത്തമൻ നിർവഹിച്ചു. മികച്ച കർഷകർക്ക് മന്ത്രി പുരസ്‌കാരങ്ങൾ നൽകി. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ.ആലിച്ചൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ മിനിമോൾ മനോജ്, മനോജ് കരീമഠം, റെജിമോൾ തോമസ് തുടങ്ങിയവർ പങ്കെടുത്തു. സർക്കാർ സ്വകാര്യ സംരംഭകരുടെ സ്റ്റാളുകൾ ഉൾപ്പെടുന്ന പ്രദർശനം, സെമിനാറുകൾ, വിവിധ മത്സരങ്ങൾ തുടങ്ങിയവ അയ്മനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.