പാലാ : തികഞ്ഞ മനുഷ്യസ്‌നേഹിയായ യുക്തിവാദിയായിരുന്നു കെ.ഒ.വർക്കിയെന്ന 'കയ്യൂർ വർക്കി സാർ'. 1980കളിൽ കോട്ടയം ജില്ലയിൽ കേരള യുക്തിവാദി സംഘം ജില്ലാ സമിതി സംഘാടനത്തിൽ മുഖ്യപങ്കുവഹിച്ചവരിൽ പ്രധാനിയായിരുന്നു. കയ്യൂരിലെ സ്‌കൂൾ ഹെഡ് മാസ്റ്ററായിരുന്ന വർക്കിസാർ ആകുലതകളോ അവിവേകമോ കൂടാതെ ജീവിതത്തെ സ്‌നേഹിച്ചു ഒപ്പം കൂടെയുള്ളവരേയും. സുഹൃത്തുക്കൾ എന്നും ദൗർബല്യമായിരുന്നു. കുടുംബത്തെ തന്നോടൊപ്പം ചേർത്തു നിറുത്തി. ഭാര്യ എന്നും സഹായിയും സുഹൃത്തുമായിരുന്നു. കരോളിൻ, വിനോളിൻ എന്ന രണ്ടു പെൺകുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം നൽകി മിശ്രവിവാഹിതരാക്കി. മുൻ മുഖ്യമന്ത്രി അച്യുതാനന്ദന്റെ സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാൻ, ശബരിമലയെ സംബന്ധിച്ച് യുക്തിപരമായ പഠനവും അന്വേഷണവും നടത്തിയ പ്രൊഫ. സുധാകരൻ എന്നിവരാണ് മരുമക്കൾ. ദീർഘകാലമായി പ്രൊഫ.സുധാകരന്റെ പാലയിലെ വസതിയിലായിരുന്നു താമസം. ഇന്നലെ രാവിലെ കാപ്പി കുടിച്ച് ഉറങ്ങുന്നതിനിടെയായിരുന്നു മരണം. മുൻ നിശ്ചയപ്രകാരം കണ്ണുകൾ ദാനം ചെയ്തു. സംസ്കാരം ഇന്ന് രാവിലെ 11 ന് പാലാ മുനിസിപ്പൽ ശ്മശാനത്തിൽ. കെ.ഒ.വർക്കിയുടെ നിര്യാണത്തിൽ ജോസ്.കെ. മാണി എം.പി, മാണി.സി.കാപ്പൻ എം. എൽ.എ തുടങ്ങിയവർ അനുശോചിച്ചു.