കോട്ടയം: കുറവിലങ്ങാട് കാളികാവിൽ നിയന്ത്രണം വിട്ട കാർ തടിലോറിയിൽ ഇടിച്ച് മൂന്നു സ്ത്രീകൾ അടക്കം അഞ്ചു പേർ മരിച്ചു. തിരുവാതുക്കൽ വേളൂർ ആൽത്തറയിൽ വീട്ടിൽ തമ്പി (അളിയൻ തമ്പി), ഭാര്യ വത്സല, മരുമകൾ പ്രഭ, കൊച്ചുമകൻ അർജുൻ പ്രവീൺ, പ്രഭയുടെ അമ്മ ഉഷ എന്നിവരാണ് മരിച്ചത്.അർദ്ധരാത്രി പന്ത്രണ്ടരയ്ക്കു ശേഷം എം.സി റോഡിൽ കുറവിലങ്ങാട് കാളികാവ് പള്ളിയ്ക്കു സമീപത്തായിരുന്നു അപകടം. എറണാകുളം ഭാഗത്തു നിന്നു വരികയായിരുന്ന കാർ, എതിർദിശയിൽ നിന്നെത്തിയ തടി ലോറിയിൽ ഇടിക്കുകയായിരുന്നു. പെരുമ്പാവൂരിലേയ്ക്കു തടിയുമായി പോകുകയായിരുന്നു ലോറി. ഇടിയുടെ ആഘാതത്തിൽ കാർ ലോറിയുടെ അടിയിലേയ്ക്കു കയറി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും കാറിലുണ്ടായിരുന്ന ആരെയും പുറത്തെത്തിക്കാനായില്ല. തുടർന്ന് കടുത്തുരുത്തിയിൽ നിന്നും അഗ്‌നിരക്ഷാ സേനാംഗങ്ങൾ എത്തി പതിനഞ്ചു മിനിറ്റോളം പരിശ്രമിച്ച ശേഷമാണ് കാറിനുള്ളിൽ കുടുങ്ങിക്കിടന്നവരെ പുറത്തെത്തിച്ചത്. വാഹനം ഓടിച്ചിരുന്നയാൾ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സംശയിക്കുന്നു. കുറവിലങ്ങാട് പൊലീസിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.