നിർഭയ കേസിൽ കുറ്റക്കാർക്ക് വധശിക്ഷ ഉറപ്പായതോടെ വധശിക്ഷ ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല എന്ന വാദത്തിന്റെ മുനയൊടിഞ്ഞു. നമ്മൾ അത്രയ്ക്കൊന്നും പരിഷ്കൃതമായിട്ടില്ല എന്നത് വ്യക്തമാകുന്ന, സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. വധശിക്ഷ നിലവിലില്ലാതിരുന്ന ഒരു രാജ്യവും ലോകത്തില്ല. കൊലപാതകം, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങൾക്ക് വധശിക്ഷയാകാമെന്നതാണ് ഇന്ത്യൻ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പ് നിഷ്കർഷിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ ക്രിമിനൽ നടപടി നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. മഹാത്മജിയുടെ വാക്കുകളിൽ കുറ്റവാളിയെക്കാൾ വെറുക്കപ്പെടേണ്ടത് കുറ്റകൃത്യമാണ്. കണ്ണിന് കണ്ണ്, തലയ്ക്കു തല എന്ന ഹമ്മുറാബി ന്യായത്തിൽനിന്ന് നിയമവാഴ്ച നിലവിലുള്ള ഒരു പരിഷ്കൃത ക്ഷേമരാഷ്ട്രത്തിനുതകുന്ന ശിക്ഷാവിധികൾ കാലോചിതമായി പരിഷ്കരിക്കുകയായിരുന്നു ഇന്ത്യയിൽ. കുറ്റാരോപിതനായ വ്യക്തി തന്നെയാണോ കുറ്റകൃത്യം ചെയ്തത്, അത് സംശയലേശമന്യെ തെളിയിക്കപ്പെടാനായോ എന്നു മാത്രമാണ് ശിക്ഷാവിധിയിലേക്കു നയിക്കുന്ന നിയമതീർപ്പിനടിസ്ഥാനം. ഇതാണ് ഇന്ത്യയിലെ ക്രിമിനൽ കോടതികൾ പിൻതുടരുന്ന രീതി.
ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി ) വിവരിക്കുന്ന ശിക്ഷയർഹിക്കുന്ന കൃത്യങ്ങളെയാണ് കുറ്റകൃത്യങ്ങളായി വ്യാഖ്യാനിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമം ക്രിമിനൽ നടപടി നിയമം (സി.ആർ.പി.സി ) എന്നിവയ്ക്കൊപ്പം ഭരണഘടനയിലെ 21-ാം അനുച്ഛേദത്തിൽ വിവക്ഷിച്ചിരിക്കുന്ന ജീവിതത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനും ഉള്ള അവകാശവും രാജ്യത്തെ കുറ്റവിചാരണയ്ക്ക് അടിസ്ഥാനമാണ്. പുരാതനകാലം മുതൽ തന്നെ ഇന്ത്യയിൽ വധശിക്ഷ നിലനിന്നിരുന്നു എന്നതും രാജ്യത്ത് വധശിക്ഷ നടപ്പിലാക്കി വന്നിരുന്നു എന്നതും ചരിത്രമാണ്. ശിക്ഷ, മനുഷ്യന്റെ പാപപങ്കിലമായ സ്വഭാവത്തെ ശുദ്ധീകരിക്കാനുള്ള ഒരു ഉപാധിയായിട്ടാണ് കരുതുന്നത്. മനുസ്മൃതി (ഭാഗം 8 പേജ് 129) യജ്ഞവാക്യസ്മൃതി (ഭാഗം 1 പേജ് 167) ബൃഹൃസ്പതിസ്മൃതി എന്നിവയിലൊക്കെ വിവക്ഷ ചെയ്തിരുന്ന ശിക്ഷാരീതിയാണ് വധശിക്ഷ. എങ്കിലും അതിന് ജാതി-മത വേർതിരിവുകളുണ്ടായിരുന്നു. വധശിക്ഷ ഇന്ത്യയിൽ പുതുമയുള്ള ഒരു കാര്യമല്ല. വധശിക്ഷയ്ക്കെതിരെയുള്ള വാദത്തിന് വധശിക്ഷയോളം തന്നെ കാലപ്പഴക്കമുണ്ടുതാനും. മുഗളന്മാരുടെ കാലത്തും ഇസ്ലാമിക ഭരണതുടർച്ചയിലും ഷാരനിയമമാണ് നിലനിന്നിരുന്നത്. അപ്പോഴും വധശിക്ഷയുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണത്തിൽ ഷാരയ്ക്കുപകരം ഒരു പൊതുനിയമം നടപ്പിലാക്കാൻ തുടങ്ങി. മെക്കാളപ്രഭുവിന്റെ നേതൃത്വത്തിൽ രൂപീകരിച്ച (1839) ആദ്യ ലാ കമ്മിഷനാണ്. 1860 ഒക്ടോബർ 6-ന് നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാനിയമം ഐ.പി.സി നടപ്പിലാക്കിയത്. ഇതിന്റെ 302-ാം വകുപ്പിലാണ് വധശിക്ഷ ഒരു ശിക്ഷാരീതിയായി വ്യവസ്ഥ ചെയ്തിരിക്കുന്നത്. ജീവപര്യന്തം പൊതുരീതിയും വധശിക്ഷ അത്യപൂർവവും എന്നതാണ് ഇന്ത്യയിലെ കോടതികൾ പിൻതുടരുന്ന നീതിന്യായം. വധശിക്ഷ, നിർഭയ അടക്കമുള്ള പൈശാചികവും ഹീനവുമായ കുറ്റകൃത്യങ്ങൾ ഏറിവരുന്ന സാഹചര്യത്തിൽ പൊതുരീതിയാവണം എന്ന വാദഗതിക്കാണിപ്പോൾ പ്രാമുഖ്യം. മറ്റൊരാളുടെ ജീവനെടുത്ത ഒരാൾക്ക് തന്റെ ജീവൻ നിലനിർത്താൻ ആവശ്യപ്പെടാൻ അവകാശമില്ല എന്നാണ് 1967-ൽ ലാ കമ്മിഷൻ വിലയിരുത്തിയത്. അതിനാൽ തന്നെ വധശിക്ഷ നിറുത്തലാക്കാൻ കഴിയില്ല എന്നും ലാ കമ്മിഷൻ പറഞ്ഞു. രാജ്യത്ത് നിലവിലുണ്ടായിരുന്ന സാമൂഹിക പശ്ചാത്തലം കണക്കിലെടുത്താണ് ലാ കമ്മിഷൻ അന്നങ്ങനെ പറഞ്ഞത്. 1967-ലെ അവസ്ഥയെ അപേക്ഷിച്ച് പിന്നീടിങ്ങോട്ട് സ്ഥിതി ഭയാനകമായി എന്ന് അനുഭവം തെളിയിക്കുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിലാണ് ബലാത്സംഗം വധശിക്ഷ നല്കാവുന്ന കുറ്റകൃത്യമായി കാണുന്ന നിയമഭേദഗതി വരുത്തിയത്. നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ വധശിക്ഷ വേണ്ടെന്ന് ചിന്തിക്കാനേ കഴിയില്ല.
തൂക്കിക്കൊല, ഇലക്ട്രോക്യൂഷൻ (വൈദ്യുതാഘാതം ഏല്പിച്ചുള്ള രീതി), വിഷവാതകം ഉപയോഗിച്ച് ശ്വാസംമുട്ടിച്ചുള്ള കൊല, വെടിവച്ചുകൊല (ഇവ മൂന്നും അമേരിക്കയിൽ വധശിക്ഷ നടപ്പിലാക്കാൻ ഉപയോഗിക്കുന്ന രീതികളാണ്) ഗില്ലറ്റിൻ (ചൈനയിലെ രീതികളിലൊന്ന്) എന്നിവയാണ് വധശിക്ഷ നടപ്പിലാക്കാൻ പൊതുവേ പിൻതുടരുന്ന രീതികൾ.
കുറ്റകൃത്യം ചെയ്യാനിടയുള്ളവരിൽ ഭയവും ആശങ്കയും ഉണർത്തുക എന്നതാണ് ഭൂരിഭാഗം ശിക്ഷാവിധികളുടെയും ലക്ഷ്യം. ഒരു കുറ്റവാളിയെ ശിക്ഷിക്കുമ്പോൾ അതേ കുറ്റം ചെയ്യാൻ സാദ്ധ്യതയുള്ള ഒരാളിൽ തന്നെ കാത്തിരിക്കുന്നത് ഇതേ വിധിയാണ് എന്ന തോന്നൽ ഉണർത്തും. അതിനാൽ തന്നെ ശിക്ഷാവിധികൾ, സമൂഹത്തിലെ ദുഷ്ടശക്തികൾക്കിടയിൽ ഭയപ്പാടുണ്ടാക്കാനിടയാക്കുമെന്നാണ് ശിക്ഷാവിധികളെക്കുറിച്ചുള്ള അപഗ്രഥനം. വധശിക്ഷ എന്നത് ഏറ്റവും ഉയർന്ന ശിക്ഷയായതിനാൽ, വധശിക്ഷ നല്കാവുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നതിൽ നിന്ന് പിന്തിരിയാൻ പലരേയും പ്രേരിപ്പിക്കുമെന്നും കരുതുന്നു. ചുരുക്കത്തിൽ സമൂഹത്തിലെ ക്രിമിനൽ വാസന കുറയ്ക്കാനുതകുന്നതാണ് ശിക്ഷാവിധികൾ എന്നും അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് വധശിക്ഷ എന്നും പൊതുവെ ധരിക്കപ്പെടുന്നു.
. വധശിക്ഷ നിറുത്തലാക്കുന്നതും നിലനിറുത്തുന്നതും വധശിക്ഷ നല്കാവുന്ന കുറ്റകൃത്യങ്ങൾ കുറയുന്നതിനടിസ്ഥാനമാകാറില്ല എന്നതാണ് അനുഭവവും ചരിത്രവും. മണിക്കൂറിടവിട്ട് കൊലപാതകവും സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങളും വർദ്ധിച്ചുവരുന്ന നിലവിലെ സാഹചര്യങ്ങൾ വധശിക്ഷ വേണ്ടെന്ന് വയ്ക്കുന്ന നീക്കങ്ങൾ, സമൂഹത്തിന്റെ പൊതുചിന്താധാരയ്ക്കു ചേർന്നതാവില്ല. വധശിക്ഷയ്ക്ക് വധശിക്ഷ നല്കാനാവുന്ന അന്തരീക്ഷമല്ല രാജ്യത്ത് ഇന്നുള്ളത്. നിർഭയകേസിലെ വിധിയുടെ സാമൂഹിക പശ്ചാത്തലം മറ്റൊന്നല്ല തന്നെ.
( lalujoseph@gmail.com
ഫോൺ : 9847835566 )