പുതിയ ദശാബ്ദത്തിന്റെ തുടക്കവുമായി 2020 ലേക്ക് കടക്കുമ്പോൾ വിദ്യാഭ്യാസ - തൊഴിൽ മേഖല ഉൾപ്പെടെ വിവിധരംഗങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഏറെ ശ്രദ്ധേയമാണ് !
സാമ്പത്തിക മാന്ദ്യം
ലോകത്താകമാനം സാമ്പത്തികമാന്ദ്യത്തിന്റെ അലയടികളാണ് 2020-ൽ ദൃശ്യമാവുക ! അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലിത് പ്രകടമാകും. എന്നാൽ ചൈന സാമ്പത്തിക വളർച്ചയിൽ മുന്നേറും. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ടോക്യോ ഒളിമ്പിക്സ്, യൂറോ 2020 ഫുട്ബോൾ ചാമ്പ്യൻഷിപ്പ്, ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവവിസ്ഫോടനത്തിന്റെ 75-ാം വാർഷികം, കണക്ടിവിറ്റി രംഗത്ത് 5 ജി യുടെ വരവ് എന്നിവ 2020 ലെ പ്രധാനപ്പെട്ട സംഭവങ്ങളാണ്. ഫ്ളോറൻസ് നൈറ്റിംഗേലിന്റെ 200-ാം ജന്മവാർഷികമായ 2020 ലോകാരോഗ്യസംഘടന അന്താരാഷ്ട്ര നഴ്സ് ദിനമായാണ് വിവക്ഷിക്കുന്നത്.
പറക്കും കാറുകൾ
സാങ്കേതിക രംഗത്ത് 2020-ൽ ഉയർച്ചയും തളർച്ചയും പ്രകടമാവും. പറക്കുന്ന കാറുകൾ, ഇലക്ട്രിക്ക് സൂപ്പർ കാറുകൾ, വ്യക്തിയധിഷ്ഠിത മരുന്നുകൾ എന്നിവ ശാസ്ത്രസാങ്കേതിക രംഗത്ത് ദൃശ്യമാകും. ജീവശാസ്ത്ര, ജനറ്റിക്സ് ആരോഗ്യ മേഖലകളിൽ 2020 ൽ ഏറെ ഗവേഷണ പ്രവർത്തനങ്ങൾ നടക്കും. ടെലിവിഷൻ രംഗത്ത് 5 ജി യുടെ വരവോടെ കടുത്ത മത്സരത്തിന് സാദ്ധ്യതയേറും. ഗെയിമിംഗ് സാങ്കേതിക വിദ്യ കരുത്താർജ്ജിക്കും.
ന്യൂജൻ കുതിച്ചുചാട്ടം
2020 ൽ ഇന്നവേഷൻ രംഗത്ത് കൂടുതൽ വളർച്ച പ്രകടമാകും. ലോകത്ത് 18-24 വയസ് വരെയുള്ള ന്യൂജന്റെ എണ്ണം മൂന്നിലൊന്നാകും. അതോടൊപ്പം 30 വയസിനു മുകളിലുള്ള Yold (Young old) എന്ന പേരിൽ അറിയപ്പെടുന്ന വിഭാഗത്തിന്റെ എണ്ണത്തിൽ വൻ വർദ്ധനയുണ്ടാകും. ഇവരുടെ ശരാശരി പ്രായം 34 വയസാണ് .
അമേരിക്കൻ വിസ
2020 ൽ അമേരിക്കൻ തിരഞ്ഞെടുപ്പ് വരുന്നതോടെ അമേരിക്കയിലേക്കുള്ള H1B, L1, L4 വിസയിൽ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സാദ്ധ്യത കുറയും. ഇംഗ്ലീഷ് സംസാരിക്കുന്ന സമ്പന്ന രാഷ്ട്രങ്ങളായ അമേരിക്ക, യു.കെ, കാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ് അടക്കമുള്ള രാജ്യങ്ങൾ ഉൾപ്പെടുന്ന Anglosphere ഉം ചൈനയടക്കമുള്ള മറ്റു രാജ്യങ്ങൾ ഉൾപ്പെടുന്ന Sinosphere ഉം തമ്മിൽ വ്യാപാര തൊഴിൽ മേഖലകളിൽ അസ്വാരസ്യങ്ങളുണ്ടാകും. ലോകത്തിലെ തൊഴിൽ നൈപുണ്യമുള്ള തൊഴിലാളികളിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ അഞ്ച് രാജ്യങ്ങളിൽ നിന്നാണ് . അമേരിക്ക, യു.കെ, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ് എന്നിവയാണ് ഈ രാജ്യങ്ങൾ. ഈ രാജ്യങ്ങളിലേക്കുള്ള അഭ്യസ്തവിദ്യരുടെ ഇമിഗ്രേഷനിൽ ഗണ്യമായ കുറവുണ്ടാകും.
ക്ലീൻ യാത്ര
പരിസ്ഥിതി സൗഹൃദ മേഖലയിൽ ക്ലീൻ യാത്രയ്ക്ക് ഉതകുന്ന സുസ്ഥിര ഊർജ്ജ പാരിസ്ഥിതികരീതി പുതുവർഷത്തിൽ പ്രാവർത്തികമാക്കും. ശുദ്ധവും സുസ്ഥിരവുമായ വ്യവസായ സംരംഭങ്ങൾ ഈ രംഗത്തുണ്ടാകും. ഓട്ടോമൊബൈൽ രംഗത്താണ് ഇത് കൂടുതൽ കരുത്താർജ്ജിക്കുക. ഹുണ്ടായ് 2020 ൽ 6.3 ബില്ല്യൺ അമേരിക്കൻ ഡോളറാണ് ഫ്യൂവൽ സെൽ സാങ്കേതിക വിദ്യയ്ക്ക് ചെലവിടുന്നത്. 2030 ഓടെ ഏഴുലക്ഷം യൂണിറ്റുകൾ പുറത്തിറക്കാനാണ് അവർ ലക്ഷ്യമിടുന്നത്.
മദ്യപാനശീലം കുറയും
2020-ൽ ചെറുപ്പക്കാരിൽ മദ്യപാനശീലം കുറയുമെന്നാണ് പ്രവചനം. കുറഞ്ഞ അളവിലും മദ്യം കാൻസറിന് വഴിയൊരുക്കുമെന്ന മുന്നറിയിപ്പാണ് ഇതിന് കാരണം. ജോലിയിൽ നിന്ന് വിരമിച്ചശേഷവും 75 വയസ് വരെ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകും. ജീവിതചര്യ രോഗനിയന്ത്രണത്തിന് കൂടുതൽ തുക ചെലവഴിക്കും.
ജപ്പാനിൽ തൊഴിൽ നൈപുണ്യ മേഖലയിൽ കൂടുതൽ യുവാക്കളുടെ ആവശ്യകതയേറും. ഇന്ത്യയിൽ ജി.ഡി.പി. നിരക്കിൽ പ്രതീക്ഷിച്ച വളർച്ച കൈവരിക്കാൻ കഴിയില്ല. വളർച്ച അഞ്ച് ശതമാനത്തിലെത്താനാണ് സാദ്ധ്യത. ബജറ്റിൽ പ്രഖ്യാപിച്ച വളർച്ച കൈവരിക്കുക ബുദ്ധിമുട്ടാണ്.
തൊഴിൽ മേഖലകളിൽ മാറ്റം വരും
2020 ൽ വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ നിരവധി പുത്തൻ പ്രവണതകൾ ദൃശ്യമാകും. വികസിത രാജ്യങ്ങളിലേക്കുള്ള ഇമിഗ്രേഷനിൽ നിയന്ത്രണമുണ്ടാകും. എന്നാൽ വിദേശ വിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് പ്രതീക്ഷിക്കാം. വിദേശ സർവകലാശാലകൾ സാമ്പത്തിക സ്രോതസിനായി കൂടുതലും അന്തരാഷ്ട്ര വിദ്യാർത്ഥികളെ ആശ്രയിക്കേണ്ടിവരും.
ആഫ്രിക്കൻ രാജ്യങ്ങൾ ആർട്സ്, സയൻസ്, ടെക്നോളജി, സംരംഭകത്വം സമ്പദ് വ്യവസ്ഥ എന്നിവയിൽ ഇന്നവേഷന് പ്രാധാന്യം നൽകിയുള്ള ആഫ്രിക്ക, 2020 പാൻ ആഫ്രിക്കൻ മൾട്ടിഡിസിപ്ലിനറി പദ്ധതി നടപ്പിലാക്കും. സോഷ്യൽ മീഡിയ രംഗത്ത് ഇൻസ്റ്റാഗ്രാമിന്റെ സുതാര്യത, പ്രവർത്തനക്ഷമത എന്നിവ 2020ൽ ചോദ്യം ചെയ്യപ്പെടും.
സസ്യാരോഗ്യ വർഷം
ഐക്യരാഷ്ട്ര സംഘടന 2020 അന്താരാഷ്ട്ര സസ്യാരോഗ്യ വർഷമായാണ് ആചരിക്കുന്നത്. പട്ടിണി കുറയ്ക്കാനും, പരിസ്ഥിതി സംരക്ഷിക്കാനും, സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താനുമുള്ള മാർഗങ്ങൾക്കാണ് മുൻഗണന നൽകുന്നത്. ജൈവവൈവിദ്ധ്യ സംരക്ഷണം, കാലാവസ്ഥാ പഠനം എന്നിവ കൂടുതൽ കരുത്താർജ്ജിക്കും. കാർഷിക ഗവേഷണ മേഖലയിൽ ഉത്പാദനം, ഉത്പാദനക്ഷമത ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ശക്തിപ്പെടും. കൃഷിയിലൂടെ പോഷകമൂല്യമേറിയ ഭക്ഷണം എന്നതിനായിരിക്കും പ്രാധാന്യം. ഭക്ഷ്യവസ്തുക്കളുടെ പോഷകമൂല്യം ലക്ഷ്യമിട്ട് മെഡിറ്ററേനിയൻ ഭക്ഷണം കൂടുതൽ വിപുലപ്പെടും.
സാങ്കേതിക രംഗത്തെ വളർച്ച എൻജിനിയറിംഗ്, സയൻസ് കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ഉറപ്പുവരുത്താൻ സഹായിക്കും. നിർമ്മാണ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (കൃത്രിമബുദ്ധി) 2020 ൽ കൂടുതൽ തൊഴിവസരങ്ങൾ സൃഷ്ടിക്കും. ബിരുദ, ബിരുദാനന്തരതലത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും. വിദേശരാജ്യങ്ങളിൽ നിന്ന് തൊഴിലാളികളെത്തുന്ന ഇമിഗ്രേഷൻ രീതിക്ക് വികസിത രാജ്യങ്ങളിൽ നിന്നും കൂടുതൽ എതിർപ്പുകൾ നേരിടേണ്ടിവരും. ഇറച്ചിക്ക് പകരമുള്ള ഭക്ഷ്യവസ്തുക്കൾക്ക് പ്രാധാന്യമേറും. ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുള്ള ആന്റിബയോട്ടിക്ക് റെസിസ്റ്റൻസ് നിയന്ത്രിക്കാനുള്ള ഗവേഷണത്തിന് മുൻഗണന ലഭിക്കും.
ഇലക്ട്രോണിക്സ് മേഖലയിൽ മൂന്ന് നാനോമീറ്റർ വരെ വലിപ്പമുള്ള ചിപ്പുകൾ വിപുലപ്പെടും. ആരോഗ്യമേഖലയിലെ ജനിതക സാങ്കേതികവിദ്യ കൂടുതൽ പ്രാധാന്യം കൈവരിക്കും. ക്വാന്റം, കംപ്യൂട്ടിംഗ്, ഡാറ്റ മാനേജ്മെന്റ് ഭൗതിക സൗകര്യ വികസനം, കണക്ടിവിറ്റി, ഡാറ്റ അനലിറ്റിക്സ്, ബിഗ് ഡാറ്റ അനലിറ്റിക്സ് എന്നിവ കരുത്താർജ്ജിക്കും. മൊത്തം ആഭ്യന്തര വളർച്ചയിൽ ലോകത്തിലെ മികച്ച 10 രാജ്യങ്ങളിൽ ഇന്ത്യയെത്തും.
ഡിജിറ്റൽ ടെക്നോളജി
ഡിജിറ്റൽ മേഖലയിൽ ഡിജിറ്റൽ ടെക്നോളജി കൂടുതൽ വളർച്ച കൈവരിക്കുന്നത് കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ്, ഐ.ടി. കോഴ്സുകളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിയ്ക്കും. ഇലക്ട്രിക് കാർ ഡിസൈൻ ഉത്പാദനം എന്നിവ 2.8 ദശലക്ഷം വരെയെത്തും ഡിജിറ്റൽ ആരോഗ്യം, കൃത്രിമ ബുദ്ധി ഉപയോഗിച്ചുള്ള രോഗനിർണയം, ഇ-കൊമ്മേഴ്സ്, കമ്മ്യൂണിക്കേഷൻ, ആൻഡ്രോയിഡ് വികസനം എന്നിവ വളർച്ച കൈവരിക്കും. ഊർജ്ജം, എന്റർടെയിൻമെന്റ്, മീഡിയ, സാമ്പത്തികമേഖല, ഭക്ഷ്യ-കാർഷിക മേഖല എന്നിവ വളർച്ച കൈവരിക്കും. കാർഷിക കോഴ്സുകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭിക്കും. ദക്ഷിണേന്ത്യൻ രാജ്യങ്ങളിൽ ഭൗതിക സൗകര്യ മേഖലകളിൽ 14 ശതമാനം വരെ വളർച്ച കൈവരിക്കും. ഇത് സിവിൽ, ആർക്കിടെക്ചർ എൻജിനീയറിംഗ് മേഖലയ്ക്ക് കരുത്തേകും.
റീട്ടെയിൽ രംഗം രണ്ട് ശതമാനം അധിക വളർച്ച കൈവരിക്കും. 5 ജി വരുന്നതോടെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് ഇലക്ട്രോണിക്സ്, കമ്മ്യൂണിക്കേഷൻ കോഴ്സുകൾക്ക് പ്രിയമേറും. ട്രാവൽ, ടൂറിസം മേഖലയിൽ വളർച്ചയിൽ ഗണ്യമായ വർദ്ധനവിന് സാദ്ധ്യതയില്ല. സെൻസറുകളുള്ള ഉപകരണങ്ങളുടെ എണ്ണം 8.4 ബില്ല്യനിൽ നിന്നും 20.4 ബില്ല്യനായി ഉയരും. ഇന്റർനെറ്റ് അധിഷ്ഠിത സേവനമേഖല ( IOT) 11.1 ട്രില്ല്യന്റെ വളർച്ച കൈവരിക്കുമെന്ന് മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനങ്ങൾ വ്യക്തമാക്കുന്നു.
സ്റ്റാർട്ടപ്പുകൾ ശക്തമാകും
ടെക്നോളജി അധിഷ്ഠിത ബിസിനസ് സംരംഭകത്വം, സ്റ്റാർട്ടപ്പുകൾ എന്നിവ ശക്തിപ്പെടും. ഗെയിമിംഗ് ടെക്നോളജിയിൽ കൂടുതൽ തൊഴിലവസരങ്ങൾ രൂപപ്പെടും. ബ്ലോക്ക് ചെയിൻ ടെക്നോളജി വളർച്ച കൈവരിക്കുമെങ്കിലും ഫേസ് ബുക്കിന്റെ ഡിജിറ്റൽ കറൻസിയായ ലിബ്ര വേണ്ടത്ര മുന്നേറാൻ സാദ്ധ്യതയില്ല.
സാമ്പത്തിക മാന്ദ്യം, ബാങ്കിംഗ്, ഇൻഷ്വറൻസ്, സാമ്പത്തിക മേഖലകളിൽ വളർച്ച കുറയാനും, തൊഴിലവസരങ്ങൾ കുറയ്ക്കാനും ഇടവരുത്തും. അക്കൗണ്ടിംഗ് കോഴ്സുകൾ കരുത്താർജ്ജിക്കും.
സ്കിൽ/തൊഴിൽ നൈപുണ്യമുണ്ടെങ്കിലേ മികച്ച തൊഴിൽ ലഭിക്കൂ എന്നത് 2020 ലും ദൃശ്യമാകും. കോഴ്സ് പൂർത്തിയാക്കിയവർക്ക് മികച്ച തൊഴിലിന് സ്ക്കിൽ വികസന കോഴ്സുകൾ അത്യാവശ്യമായി വേണ്ടിവരും. ഐ.ടി. ടെക്നോളജി രംഗത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാദ്ധ്യതയേറും.
അന്താരാഷ്ട്ര സ്പേസ് കേന്ദ്രം
നാസാ സ്വകാര്യ ബഹിരാകാശ യാത്രികർക്ക് അന്താരാഷ്ട്ര സ്പേസ് കേന്ദ്രം തുറക്കുന്നത് ഈ രംഗത്ത് കൂടുതൽ വളർച്ചയ്ക്കും ഗവേഷണത്തിനും വഴിയൊരുക്കും. വ്യോമയാന മേഖലയിൽ സ്വകാര്യ വ്യോമയാന ഗതാഗതത്തിന് പ്രാധാന്യമേറും. സ്വകാര്യ വ്യോമയാന രീതിയിൽ മാറ്റമുണ്ടാകും ഇത് നഗരങ്ങളിലെ യാത്രകൾക്ക് കരുത്തേകും.
7.6 ദശലക്ഷം നഴ്സുമാരെ വേണം
2020 ഫ്ളോറൻസ് നൈറ്റിംഗലിന്റെ 200-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അന്താരാഷ്ട്ര നഴ്സ് വർഷമായി ആചരിക്കും. നഴ്സുമാരുടെ റിക്രൂട്ട്മെന്റിൽ വർദ്ധനയുണ്ടാകും. വിദേശ രാജ്യങ്ങളിൽ തൊഴിൽ ലഭിക്കാൻ അവർക്ക് IELTS ന് പകരം Occupational English Test (OET) മതിയാകും. 2030 ഓടെ ലോകത്ത് 7.6 ദശലക്ഷം നഴ്സുമാരുടെ ആവശ്യകത നേരിടും. ജനിതക രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട ഹെൽത്ത് ജനറ്റിക്സിന് 2020 ൽ കൂടുതൽ ഊന്നൽ നൽകും. കൃത്രിമബുദ്ധിയിലും കൂടുതൽ അവസരങ്ങൾ പ്രതീക്ഷിക്കാം.
ഹൈടെക്, പ്രിസിഷ്യൻ കൃഷിരീതികൾ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. കാർബൺ പുറംതള്ളൽ കുറയ്ക്കാനും, കാലാവസ്ഥ ഗവേഷണത്തിനും വർദ്ധിച്ച പരിഗണന ലഭിക്കും.
ഡെവലപ്മെന്റൽ സയൻസ്, ഇക്കണോമിക്സ്, ഹോസ്പിറ്റാലിറ്റി, ട്രാവൽ ആൻഡ് ടൂറിസം, ഹോട്ടൽ മാനേജ്മെന്റ്, മോളിക്കുളാർ ജനറ്റിക്സ്, സെൽ ബയോളജി, സിവിൽ, ആർക്കിടെക്ചർ, മെക്കാനിക്കൽ, കമ്മ്യൂണിക്കേഷൻ, എനർജി, ഓട്ടോമൊബൈൽ എൻനിയറിംഗ് ശാഖകൾ, നഴ്സിംഗ്, ഫിസിയോതെറാപ്പി, ഫിസിക്സ്, ആസ്ട്രോ ഫിസിക്സ്, ആസ്ട്രോണമി, സ്പേസ് സയൻസ്, ജീവശാസ്ത്ര കോഴ്സുകൾ, ഗെയിമിംഗ് ടെക്നോളജി, ഡാറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കംപ്യൂട്ടർ സയൻസ്, ഐ.ടി., ഡിജിറ്റൽ മീഡിയ കോഴ്സുകൾക്ക് 2020 ൽ സാദ്ധ്യതയേറും.
ഇൻഫ്രാസ്ട്രക്ടർ, മാനുഫാക്ചറിംഗ്, റീട്ടെയിൽ അക്കൗണ്ടിംഗ്, ശാസ്ത്ര ഗവേഷണം, സുസ്ഥിര വികസനം, കാർഷിക ഗവേഷണം എന്നിവയ്ക്ക് 2020 ൽ വർദ്ധിച്ച പരിഗണന ലഭിക്കും.