walking-

ജനസംഖ്യയിൽ പകുതിയിലേറെപ്പേരും കാൽനടയാത്രക്കാരായിട്ടുള്ള നാടാണ് നമ്മുടേത്. എപ്പോഴുമല്ല, എപ്പോഴെങ്കിലുമൊക്കെ ഓരോരുത്തരും നിരത്തുകളിൽ സ്വന്തം കാലുകളിൽ നടക്കാൻ നിർബന്ധിക്കപ്പെടുന്നുണ്ട്. ഗ്രാമമെന്നോ നഗരമെന്നോ അതിന് വ്യത്യാസമില്ല. പക്ഷേ, അനുദിനം പെരുകുന്ന വാഹനങ്ങൾക്കിടയിൽ കാൽനടയാത്രക്കാരുടെ അവകാശങ്ങൾ ഓരോന്നോരോന്നായി ഹനിക്കപ്പെടുകയോ കവർന്നെടുക്കപ്പെടുകയോ ആണിപ്പോൾ. നഗരങ്ങളിൽ ചിലയിടങ്ങളിൽ നടപ്പാതകളുണ്ട്. പക്ഷേ, അവയിൽ പലതിനും തലയും വാലും ഉണ്ടാകാറില്ല. തുടങ്ങുന്നത് എവിടെയാണെന്നോ അവസാനിക്കുന്നത് എവിടെയാണെന്നോ നിശ്ചയമുണ്ടാകില്ല. നടപ്പാതകൾ വഴിയോര കച്ചവടക്കാർ കയ്യേറുന്നത് പതിവാണ്. ചിലയിടത്തൊക്കെ കാൽനടക്കാർക്കുള്ള ഇടങ്ങൾ കയ്യേറി വാഹനങ്ങൾ പാർക്കു ചെയ്തിരിക്കുന്നതു കാണാം.

ചെറിയ റോഡുകളിൽ പരിസരവാസികൾ നിർമാണ സാമഗ്രികളും മറ്റും സൂക്ഷിക്കുന്നത് നടപ്പാതകളിലാണ്. സിഗ്നലുകൾക്ക് സമീപവും മറ്റും വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെടുമ്പോൾ കാൽനടക്കാർക്കുള്ള പാതയിലൂടെ വണ്ടിയോടിച്ചുപോകുന്ന ഇരുചക്ര വാഹന യാത്രക്കാർ നഗരങ്ങളിൽ സ്ഥിരം കാഴ്ചയാണ്. ഗ്രാമീണ മേഖലകളിൽ ടാർറോഡിനും വശത്തെ കാടിനുമിടയ്‌ക്ക് ആളുകൾക്ക് നടന്നുപോകാൻ ഒരടി സ്ഥലം പോലുമുണ്ടാകാറില്ല. ഇവിടെ ആളുകൾ എതുവഴി നടക്കണമെന്നതിനെപ്പറ്റി ആർക്കും യാതൊരു ധാരണയുമില്ല. നടപ്പാതകളെ ബന്ധിച്ചും അല്ലാതെയും കാൽനടക്കാർക്കായി മാറ്റിയിട്ടിരിക്കുന്ന സീബ്രാ ക്രോസിംഗുകൾക്ക് പലയിടത്തും ഡ്രൈവർമാർ പുല്ലുവിലപോലും കൽപിക്കാറുമില്ല. ആവശ്യത്തിന് നടപ്പാതകളില്ലെന്നതുപോലെതന്നെ പ്രധാനമാണ് കാൽനടയാത്രക്കാരേയും ബാധിക്കുന്ന കുഴികൾ. നടപ്പാതയില്ലാത്തതിനാൽ റോഡിലേക്കിറങ്ങി നടക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ കുഴിയിൽ വീണെന്നിരിക്കും. കഴിഞ്ഞദിവസം എറണാകുളത്ത് ബൈക്ക് യാത്രികന്റെ മരണത്തിനടയാക്കിയ കുഴി കാൽനടയാത്രക്കാർക്കും ഭീഷണി തന്നെയാണ്. കേരളത്തിൽ പലയിടത്തും ഇതിനു മുൻപ് ഓടകളുടെ പൊട്ടിപ്പൊളിഞ്ഞ സ്ലാബുകൾ കാൽനടയാത്രക്കാർക്ക് പല തരത്തിലുള്ള അപകടങ്ങൾക്കും കാരണമായിട്ടുണ്ട്. ഇന്ത്യയിലെ നഗരറോഡുകളിൽ 30 ശതമാനത്തിൽ താഴെ മാത്രമാണ് നടപ്പാതകളുള്ളതെന്നാണ് കണക്കുകൾ പറയുന്നത്. നഗരവീഥികളിൽ ഉണ്ടാകുന്ന അപകടമരണങ്ങളിൽ നാൽപതു ശതമാനവും കാൽനടക്കാരാണെന്ന് അറിയുമ്പോഴാണ് ഇതിന്റെ വ്യാപ്തി മനസ്സിലാകുക. വാഹനങ്ങൾ പെരുകുന്നതിനനുസരിച്ച് റോഡുകളുടെ വീതി കൂടാതാകുമ്പോൾ ഇല്ലാതാകുന്നത് കാൽനടക്കാർക്ക് സഞ്ചരിക്കാനുള്ള സൗകര്യമാണ്. കാൽനടക്കാരന് റോഡിലൂടെ നടക്കാനുള്ള അവകാശം ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ജീവിക്കാനുള്ള അവകാശം എന്ന നിർവചനത്തിൽപെടുത്തി സംരക്ഷിക്കപ്പെടണമെന്നാണ് പഞ്ചാബ് ഹരിയാന ഹൈക്കോടതിയിൽ 2017ൽ ഉണ്ടായ ഒരു കേസിന്റെ തീർപ്പിൽ നിർദ്ദേശിച്ചിട്ടുള്ളത്. നേരിട്ടോ അല്ലാതെയോ ഇന്ത്യൻ നിയമവ്യവസ്ഥയിൽ കാൽനടക്കാർക്കായി പല സംരക്ഷണങ്ങളും നിലവിലുണ്ട്. അലക്ഷ്യവും അപകടകരവുമായ ഡ്രൈവിംഗ് കുറ്റകൃത്യമാകുന്ന ഇൻഡ്യൻ പീനൽ കോഡിലെ വ്യവസ്ഥകൾക്കു പുറമേ 1989ലെ റോഡ് റെഗുലേഷൻ നിയമത്തിൽ മൂന്നു വ്യവസ്ഥകൾ കാൽനടക്കാരുടെ സംരക്ഷണത്തിനായി ചേർത്തിട്ടുണ്ട്. ഇതിനുസരിച്ച്, കാൽനടക്കാർക്ക് റോഡു മുറിച്ചുകടക്കാനായി അടയാളപ്പെടുത്തിയിരിക്കുന്നിടത്ത് വാഹനമെത്തുമ്പോൾ ഡ്രൈവർ വേഗം കുറയ്ക്കണം. കാൽനടക്കാർക്ക് റോഡ് മുറിച്ചു കടക്കാൻ അടയാളപ്പെടുത്തിയിരിക്കുന്നിടത്തോ നടപ്പാതയിലോ ട്രാഫിക് സിഗ്നലുകൾക്ക് സമീപമോ വാഹനം പാർക്കു ചെയ്യാൻ പാടില്ല. നടപ്പാതയിലൂടെയോ സൈക്കിൾ ലൈനിലൂടെയോ വാഹനം ഓടിക്കാൻ പാടില്ല. എന്നാൽ പ്രത്യേക സന്ദർഭങ്ങളിൽ പോലീസ് ഓഫീസറുടെ നിർദ്ദേശമുണ്ടെങ്കിൽമാത്രം ഇത്തരത്തിൽ ഓടിക്കാവുന്നതുമാണ്. പക്ഷേ, ഇതെല്ലാം നിയമപാലകരുടെ കൺമുന്നിൽ അനുദിനം ലംഘിക്കപ്പെടുന്നതാണ് നാം കാണുന്നത്. മുനിസിപ്പൽ കോർപ്പറേഷൻ നിയമപ്രകാരം നടപ്പാതയുടെ അളവ് റോഡിന്റെ അളവിനനുസരിച്ചാണ് നിശ്ചയിക്കേണ്ടത്. 1988ലെ ഇൻഡ്യൻ റോഡ് കോൺഗ്രസിന്റേയും 1996ലെ അർബൻ ഡിസൈൻ പ്ലാൻ ഫോർമുലേഷൻ ആൻഡ് ഇംപ്ലിമെന്റേഷന്റേയും നിർദ്ദേശാനുസരണം ഒരു സ്ഥലത്തെ ഗതാഗത സംവിധാനങ്ങൾക്കും രീതികൾക്കും അനുസരിച്ച് നടപ്പാതകൾ ഉണ്ടാക്കാൻ അധികൃതർ ബാധ്യസ്ഥരുമാണ്.

ഐക്യരാഷ്ട്ര സംഘടനയുടെ 1949ലെ ജനീവ കൺവെൻഷനിൽ റോഡ് ഗതാഗതവുമായി ബന്ധപ്പെട്ടു പറയുന്ന കാര്യങ്ങൾ ഇന്ത്യ അംഗീകരിച്ചിട്ടുള്ളതാണ്. 1968ലെ വിയന്ന കൺവെൻഷനിൽ, നടപ്പാതയില്ലാത്ത സ്ഥലങ്ങളിൽ പൊതുവീഥിയിലൂടെ നടക്കാനുള്ള കാൽനടക്കാരുടെ അവകാശത്തെപ്പറ്റിയും പറയുന്നു. പക്ഷേ, ഇതൊന്നും നിയമപരമായി നടപ്പാക്കാനുള്ള അവകാശങ്ങളെപ്പറ്റി ഒരിടത്തും പറയുന്നില്ല. ഓർഗനൈസേഷൻ ഫോർ എക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിന്റെ ഇന്റർനാഷണൽ ട്രാൻസ്‌പോർട്ട് ഫോറം അടുത്തിടെ പുറത്തിറക്കിയ കാൽനടയാത്രക്കാരുടെ സുരക്ഷാ സംബന്ധമായ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വളരെ ദീർഘമായി പ്രതിപാദിക്കുന്നുണ്ട്.നടപ്പാതകൾ തടസപ്പെടുത്തുന്നവരെ അറസ്റ്റു ചെയ്ത് ശിക്ഷിക്കാനുള്ള നിയമമാണ് നമുക്കാവശ്യം. ചെയ്യേണ്ട ജോലി യഥാസമയം ചെയ്യാത്ത ഉദ്യോഗസ്ഥർക്കെതിരേയും കർശന ശിക്ഷാനടപടികൾ ആവശ്യമാണ്. അതിനുവേണ്ടി ആവശ്യമെങ്കിൽ കാൽനടയാത്രക്കാർ സംഘടിക്കുകതന്നെ വേണം.

(മനുഷ്യാവകാശ പ്രവർത്തകനും ഫാക്ട് മുൻ സി.എം.ഡിയുമാണ് ലേഖകൻ)