ksrtc

മറയൂർ: മൂന്നാറിൽ നിന്ന് ഉദുമൽപ്പേട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ സീറ്റിനായി വീട്ടമ്മമാർ തമ്മിൽ തല്ല്. ബസിൽ നല്ല തിരക്കായിരുന്നതിനാൽ മൂന്നാറിൽ നിന്ന് ഉദുമപ്പേട്ടയിലേക്ക് ടിക്കറ്റെടുത്ത വീട്ടമ്മയ്ക്ക് സീറ്റ് കിട്ടിയിരുന്നില്ല. ഇവർ ഡ്രൈവർ സീറ്റിനടുത്തുള്ള എൻജിൻ ബോക്‌സിന് സമീപം ഇരിക്കാൻ ശ്രമിച്ചു. ഈ സമയം മറയൂർ സ്വദേശിയായ വീട്ടമ്മയും ഇവിടെ ഇരിക്കാനെത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്.

ഇരുവരും തമ്മിലുള്ള തർക്കം പിന്നീട് തല്ലിലേക്ക് എത്തിച്ചേരുകയായിരുന്നു. പരസ്‌പരം മുടിയിൽ കുത്തിപ്പിടിക്കുകയും കൈയിൽ കടിക്കുകയും ചെയ്തു. യാത്രക്കാരും കണ്ടക്‌ടറുമുൾപ്പെടെയുള്ളവർ ഇവരെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരസ്‌പരം വിട്ടുകൊടുക്കാൻ ഇരുവരും തയ്യാറായില്ല.

പ്രശ്നം വഷളായതോടെ പൊലീസിൽ വിവരമറിയിച്ചു. തുടർന്ന് മറയൂർ അഡീഷണൽ എസ്.ഐ അനിൽ കെ.കെയും സംഘവുമെത്തി ഇരുവരെയും ബസിൽ നിന്ന് ഇറക്കിവിട്ടതോടെയാണ് പ്രശ്നം അവസാനിച്ചത്. തല്ലിൽ വീട്ടമ്മമാർക്ക് പരിക്കേറ്റിട്ടുണ്ട്. ശേഷം ബസ് സർവീസ് തുടർന്നു.